Teachers Day 2024 : സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിക്കുന്നതെന്തിന്?
Dr. Sarvepalli Radhakrishnan's Birth Anniversary : സെപ്തംബർ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് വെറുതെയല്ല. അന്ന് തന്നെ അധ്യാപക ദിനം ആചരിക്കുന്നതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ട്. അധ്യാപക ദിനം സെപ്തംബർ അഞ്ചിന് ആചരിക്കാനുള്ള കാരണങ്ങളും ചരിത്രവുമറിയാം.

സെപ്തംബർ അഞ്ചിനാണ് രാജ്യത്ത് അധ്യാപക ദിനം ആചരിക്കുന്നത്. ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിന് നന്ദി അറിയിച്ചുകൊണ്ടാണ് അധ്യാപക ദിനം. ഈ ദിനം വെറുതെ തിരഞ്ഞെടുത്തതല്ല. മുൻ പ്രസിഡൻ്റ് ഡോ. എസ് രാധാകൃഷ്ണൻ്റെ ജന്മദിനമാണ് ഇത്. (Image Courtesy - Bachrach/Getty Images)

ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അഥവാ ഡോ. എസ് രാധാകൃഷ്ണൻ 1888 സെപ്തംബർ അഞ്ചിനാണ് ജനിച്ചത്. തത്വചിന്തകനും പണ്ഠിതനുമായിരുന്ന രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡൻ്റായിരുന്നു. 1962 മുതൽ 1967 വരെയാണ് അദ്ദേഹം പ്രസിഡൻ്റായി പ്രവർത്തിച്ചത്. (Image Courtesy - Keystone/Hulton Archive/Getty Images)

പ്രസിഡൻ്റാവുന്നതിന് മുൻപ് അദ്ദേഹം വിവിധ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു. കൽക്കട്ട സർവകലാശാല, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി തുടങ്ങി ലോകപ്രശസ്തമായ വിവിധ സർവകലാശാലകളിൽ പഠിപ്പിച്ചിരുന്ന അദ്ദേഹം 1952 മുതൽ 62 വരെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡൻ്റായിരുന്നു. (Image Courtesy - J. Wilds/Keystone/Getty Images)

വിദ്യാഭ്യാസത്തിൻ്റെ ശക്തിയിൽ വിശ്വസിച്ചിരുന്നയാളായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. പുരോഗമന സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിദ്യാർത്ഥികൾ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു. അധ്യാപക ദിനമെന്ന ആശയം പോലും അദ്ദേഹം തന്നെയാണ് മുന്നോട്ടുവച്ചത്. (Image Courtesy - Keystone/Getty Images)

ഡോ. രാധാകൃഷ്ണൻ പ്രസിഡൻ്റായപ്പോൾ ചില മുൻകാല വിദ്യാർത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, തൻ്റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം അന്നത്തെ ദിവസം അധ്യാപക ദിനമായി ആചരിക്കാമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. 1962ലായിരുന്നു ആദ്യമായി അധ്യാപക ദിനം ആചരിച്ചത്. (Image Courtesy - Bachrach/Getty Images)