India vs England: ‘എല്ലാം സ്വയം വരുത്തിവച്ചത്’; പരിക്കേറ്റതിൽ ഋഷഭ് പന്തിനെ കുറ്റപ്പെടുത്തി ഇംഗ്ലണ്ട് ഇതിഹാസം
Geoffrey Boycott Blames Rishabh Pant: ഋഷഭ് പന്തിന് പരിക്ക് പറ്റാൻ കാരണം അദ്ദേഹം തന്നെയെന്ന് ഇംഗ്ലണ്ട് ഇതിഹാസം ജെഫ്രി ബോയ്കോട്ടിൻ്റെ കുറ്റപ്പെടുത്തൽ. നാലാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് താരത്തിന് പരിക്കേറ്റത്.

ഋഷഭ് പന്തിന് പരിക്കേൽക്കാൻ കാരണം താരം തന്നെയെന്ന് ഇംഗ്ലണ്ട് ഇതിഹാസം ജെഫ്രി ബോയ്കോട്ട്. പന്തിന് പരിക്കേറ്റതിൽ വിഷമമുണ്ടെന്നും ദൗർഭാഗ്യകരമായ ഒരു സംഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫിൻ്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. (Image Credits- PTI)

"ഒരു താരത്തിന് പരിക്കേൽക്കുന്നത് എപ്പോഴും സങ്കടകരമാണ്. മത്സരത്തിൽ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നത് പരിഗണിക്കുമ്പോഴും അദ്ദേഹത്തിൻ്റെ കഴിവ് പരിഗണിക്കുമ്പോഴും ഇത് വളരെ നിർഭാഗ്യകരമാണ്. പക്ഷേ, എല്ലാം പന്ത് സ്വയം വരുത്തിവച്ചതാണ്. ഇന്ത്യക്ക് മത്സരത്തിൽ നിയന്ത്രണമുണ്ടായിരുന്നു."- ബോയ്കോട്ട് പറഞ്ഞു.

"പരമ്പരാഗത രീതിയിൽ കളിക്കൂ. അനാവശ്യമായത് പരീക്ഷിക്കേണ്ടതില്ല. ഋഷഭ് പന്ത് തകർപ്പൻ ഷോട്ടുകൾ കളിക്കാറുണ്ട്. അത് ശരിയാവുമ്പോൾ ആളുകൾ ആസ്വദിക്കും. ആളുകൾ ആഘോഷിക്കും. അതാണ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശൈലി. പക്ഷേ, ഇടയ്ക്കൊക്കെ ഷോട്ടുകൾ ശരിയാവാതെ വരുമ്പോൾ അത് മോശമായിത്തോന്നും. "- അദ്ദേഹം തുടർന്നു.

മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. ക്രിസ് വോക്സിനെ റിവേഴ്സ് ലാപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പന്ത് താരത്തിൻ്റെ വലത് ബൂട്ടിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കളം വിട്ട പന്ത് പിന്നീട് തിരികെവന്ന് ഫിഫ്റ്റിയടിച്ചു.

മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസിന് പുറത്തായിരുന്നു. നിലവിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിൽ 186 റൺസിൻ്റെ ലീഡുണ്ട്. ജോ റൂട്ട് (150) ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി.