Indian Rupee: റെക്കോർഡ് ഇടിവിൽ രൂപ, കരുത്ത് കൂട്ടി ഡോളർ; കാരണങ്ങൾ നിരവധി
Indian Rupee vs US Dollar: ഇടിവില്‍ നിന്ന് രൂപ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിന്നീട് സര്‍വ്വകാല താഴ്ച്ചയിലേക്ക് ഇടിയുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ...

ഡോളറിനെതിരെ തകർന്നടിഞ്ഞ് രൂപ. മൂല്യം 91.77 ആയി കുറഞ്ഞു. ഇടിവില്‍ നിന്ന് രൂപ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിന്നീട് സര്‍വ്വകാല താഴ്ച്ചയിലേക്ക് ഇടിയുകയായിരുന്നു. രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ...

ഈ ജനുവരി മാസത്തിൽ മാത്രം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഏകദേശം 3.5 ബില്യൺ ഡോളർ പിൻവലിച്ചു. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ച് ഡോളറിലേക്ക് മാറ്റുന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിച്ചു.

ഗൗതം അദാനിക്കെതിരായ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ പുതിയ നീക്കങ്ങളെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളിൽ ഉണ്ടായ വലിയ ഇടിവ് ഇന്ത്യൻ വിപണിയിൽ ആശങ്ക പരത്തി. ഇത് ഡോളറിനായുള്ള ഡിമാൻഡ് വർദ്ധിപ്പിക്കാൻ കാരണമായി.

എണ്ണക്കമ്പനികളും സ്വർണ്ണ ഇറക്കുമതിക്കാരും വലിയ തോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നത് രൂപയ്ക്ക് തിരിച്ചടിയായി. ഭാവിയിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് ഭയന്ന് പല കമ്പനികളും മുൻകൂട്ടി ഡോളർ ശേഖരിക്കുന്നത് വിപണിയിൽ ഡോളറിന്റെ ക്ഷാമമുണ്ടാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളും ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്പിനെതിരെയുള്ള പരാമർശങ്ങളും ആഗോള വിപണിയിൽ 'റിസ്ക്-ഓഫ്' സാഹചര്യം സൃഷ്ടിച്ചതാണ് മറ്റൊരു കാരണം. (Image Credit: Getty Images)