NTX K-Pop: ‘ആസ കൂട’ ഗാനത്തിന് ചുവടുവെച്ച് കൊറിയൻ ബാൻഡ്; NTXന്റെ പ്രകടനം കണ്ട് ആവേശഭരിതരായി ആരാധകർ
Korean Music Band NTX Surprised Indian Fans: ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന രംഗ് ദേ കൊറിയ ഫെസ്റ്റിവലിൽ പ്രശസ്ത കൊറിയൻ ഗായകർ പങ്കെടുത്തു. എക്സോ, ഗോട്ട് സെവൻ തുടങ്ങിയ ബാൻഡുകളിലെ ചില അംഗങ്ങളും, എൻടിഎക്സും ഉൾപ്പടെയുള്ളവർ ഗാനങ്ങൾ ആലപിച്ചു.

'ആസ കൂട' എന്ന തമിഴ് ഗാനത്തിന് ചുവടുവെച്ച് കൊറിയൻ ബാൻഡായ എൻടിഎക്സ് (NTX). ഒക്ടോബർ 18-ന് ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 'രംഗ് ദേ കൊറിയ ഫെസ്റ്റിവൽ 2024'-ലാണ് ബാൻഡിന്റെ തകർപ്പൻ പ്രകടനം. രണ്ടു ദിവസം നീണ്ടു നിന്ന പരിപാടി ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തു. (Image Credits: NTX X)

'ആസ കൂട' എന്ന ഗാനത്തിന് പുറമെ 'തോബ തോബ' എന്ന വൈറൽ ബോളിവുഡ് ഗാനത്തിനും എൻടിഎക്സ് ചുവടുവെച്ചു. കൂടാതെ, ചില പ്രശസ്ത ബോളിവുഡ് ഗാനങ്ങൾക്ക് കൂടെ ഡാൻസ് ചെയ്ത ബാൻഡ്, ഹനുമാൻ കൈൻഡിന്റെ 'ബിഗ് ഡോഗ്സ്' എന്ന ഗാനത്തിനും നൃത്തംവെച്ചു. ഓരോ ഗാനം വരുമ്പോഴും കാണികൾ ആവേശത്തോടെ ആർപ്പുവിളിക്കുന്നതും വീഡിയോകളിൽ കേൾക്കാം. (Image Credits: NTX X)

എൻടിഎക്സ് ഇന്ത്യയിൽ എത്തുന്നത് ഇതാദ്യമായാണ്. അതിനാൽ, പരിപാടിക്ക് മുന്നേ ഇന്ത്യൻ ആരാധകരുമായി സംവദിക്കാൻ വേണ്ടി ബാൻഡ് ഒരു ഫാൻ മീറ്റിങ്ങും സംഘടിപ്പിച്ചിരുന്നു. അതിൽ ബാൻഡിന്റെ ആരാധകരായ നിരവധി പേർ പങ്കെടുത്തു. (Image Credits: NTX X)

2021-ൽ രൂപീകരിച്ച ബാൻഡിൽ ഹ്യോങ്‌ജിൻ, യുൻഹ്യോക്ക്, ജെയ്മിൻ, ചങ്‌ഹുൻ, ഹോജുൻ, റൗഹ്യുൻ, യൂൻഹോ, ജിസിയോങ്, സ്യൂങ്‌വോൺ എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണ് ഉള്ളത്. ഹ്യോങ്‌ജിൻ ആണ് ഗ്രൂപ്പിന്റെ ലീഡർ. 2021 മാർച്ച് 30-ന് 'കിസ് ദ വേൾഡ്' എന്ന ടൈറ്റിൽ ട്രാക്ക് പുറത്തിറക്കിയാണ് ബാൻഡിന്റെ അരങ്ങേറ്റം. (Image Credits: NTX X)

എൻടിഎക്സിന് പുറമെ നിരവധി കൊറിയൻ ഗായകർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബാൻഡുകളിൽ ഒന്നായിരുന്ന എക്സോ (EX0) എന്ന ഗ്രൂപ്പിന്റെ ലീഡറായ സൂഹോയും പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ ആരാധകർക്കായി അദ്ദേഹം ഹിന്ദിയിൽ സംസാരിക്കുകയും ചെയ്തു. ഇവർക്കുപുറമെ, ചെൻ, ബി.ഐ, ബാം-ബാം, ലൂക്കാസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. (Image Credits: Suho X)

ഇന്ത്യയിലെ കൊറിയൻ കൾച്ചറൽ സെന്ററാണ് 'രംഗ് ദേ കൊറിയ ഫെസ്റ്റിവൽ 2024' സംഘടിപ്പിച്ചത്. കൊറിയൻ സംസ്കാരത്തെ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കൊറിയൻ കൾച്ചറൽ സെന്റർ നടത്തുന്ന മൂന്നാമത്തെ പരിപാടിയാണിത്. (Image Credits: NTX X)