പമ്പാതീരത്ത് ഇനി വള്ളസദ്യയുടെ മണം പരക്കുന്ന കാലം. പള്ളിയോടങ്ങളെയും കരക്കാരെയും ഭക്തരെയും സ്വീകരിക്കാൻ പാർഥസാരഥി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വടക്കേമാളികയിലെ 2 ഊട്ടുപുരകളും അറ്റകുറ്റപണി പൂർത്തിയാക്കി പെയിന്റടിച്ചു. തെക്കേനടപ്പന്തലിൽ 6 അന്നദാന മണ്ഡപങ്ങൾ താത്കാലികമായി ഒരുക്കി. വടക്കേമുറ്റത്ത് വഞ്ചിപ്പാട്ടു കളരിപ്പന്തലും തയാറായിട്ടുണ്ട്.
ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്‌ക്കെത്തുന്നത്. വളളസദ്യ ഒക്ടോബർ 2 വരെ നീളും. അഞ്ഞൂറോളം സദ്യകള്‍ ഇക്കാലയളവിലുണ്ടാകും.
ഇതേവരെ 350 സദ്യകളുടെ ബുക്കിങ് ആയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ വി സാംബദേവൻ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം 10 മുതല്‍ 15 വരെ സദ്യകള്‍ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും.
44 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്.
സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവില്‍ നിന്ന് സ്വീകരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.