Onam 2025: ഓണം ഹിന്ദുക്കളുടേത് മാത്രമാണോ? ആരാണ് മഹാബലി, കഥ ഒന്നുകൂടി കേള്‍ക്കാം
Who is Mahabali Chakravarthy: നീതിമാനും സത്യസന്ധനുമായി അദ്ദേഹം നാടുഭരിക്കുന്ന കഥ ലോകമാകെ പരന്നു. അദ്ദേഹം ഭരിക്കുന്ന നാട്ടില്‍ കള്ളവും ചതിയുമില്ല, അതിനാല്‍ തന്നെ ദേവന്മാര്‍ക്ക് പോലും മഹാബലിയോട് അസൂയ തോന്നി.

ഓണം എന്നത് മലയാളികളുടെ ദേശീയ ഉത്സവമാണ്. എന്നാല്‍ പലരും ഇതിനെ അടുത്ത കാലത്തായി തെറ്റായി വ്യാഖ്യാനിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓണം എന്നത് ഹിന്ദുക്കളുടെ മാത്രം ഉത്സവമാണെന്നാണ് ആ പുനര്‍വായന. എന്നാല്‍ അങ്ങനെയാണോ? (Image Credits: Getty Images)

ഓണത്തെ കുറിച്ച് പറഞ്ഞുതുടങ്ങും മുമ്പ് മഹാബലി ചക്രവര്‍ത്തിയെ കുറിച്ച് പറയണം. പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലി എന്നാണ് പുരാണങ്ങളില്‍ അടിവരയിടുന്നത്. ഇന്ദ്രസേനന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഇന്ദ്രസേനന്റെ പിതാവാണ് വിരോചനന്‍. അസുര രാജാവായിരുന്നു ഇന്ദ്രസേനനെങ്കിലും മഹാവിഷ്ണുവിന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം.

നീതിമാനും സത്യസന്ധനുമായി അദ്ദേഹം നാടുഭരിക്കുന്ന കഥ ലോകമാകെ പരന്നു. അദ്ദേഹം ഭരിക്കുന്ന നാട്ടില്‍ കള്ളവും ചതിയുമില്ല, അതിനാല്‍ തന്നെ ദേവന്മാര്‍ക്ക് പോലും മഹാബലിയോട് അസൂയ തോന്നി. ദേവന്മാര്‍ മഹാബലിക്ക് മുന്നില്‍ ഒരു പരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. ഇതിനായി ദേവന്മാരുടെ അമ്മയായ അദിതി മഹാവിഷ്ണുവിനെ നേരില്‍ കണ്ടു.

മഹാബലി ചക്രവര്‍ത്തി സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന ആരെ വെറും കയ്യോടെ മടക്കി അയക്കാറില്ല. അതിനാല്‍ അദ്ദേഹത്തെ പരീക്ഷിക്കാനായി മഹാവിഷ്ണു വാമനനായി അവതാരമെടുത്തു. വാമനനോട് ദാനമായി എന്താണ് വേണ്ടതെന്ന് മഹാബലി ചോദിച്ചപ്പോള്‍ തനിക്ക് കുറച്ച് ഭൂമി മതിയെന്നായിരുന്നു മറുപടി. എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ തന്റെ കാലുകൊണ്ട് മൂന്നടി അളന്നെടുക്കാവുന്നത്രയും ഭൂമി മാത്രം മതിയെന്നും വാമനന്‍ പറഞ്ഞു.

മഹാവിഷ്ണുവാണ് തന്റെ മുന്നിലുള്ളതെന്ന് അറിയാതെ അസുര ഗുരു ശുക്രാചാര്യരുടെ മുന്നറിയിപ്പ് ലംഘിച്ച് ഭൂമി അളക്കാന്‍ മഹാബലി നിര്‍ദേശിച്ചു. ഇതുകേട്ടതും വാമനന്റെ ശരീരം പ്രപഞ്ചത്തോളം വളര്‍ന്നു. ആദ്യത്തെ കാലടിയില്‍ വാമനന്‍ ഭൂമി മുഴുവന്‍ അളന്നു. രണ്ടാമത്തേതില്‍ ആകാശവും, മൂന്നാമത്തേത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ മഹാബലി വാക്ക് പാലിക്കുന്നതിനായി അടുത്ത കാലടി തന്റെ ശിരസില്‍ വെയ്ക്കാന്‍ മഹാവിഷ്ണുവിനോട് പറഞ്ഞു. അങ്ങനെ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് മൂന്നാമത്തെ കാലടിയില്‍ ചവിട്ടി താഴ്ത്തി. തന്റെ പ്രജകളെ വര്‍ഷം തോറും വന്ന് കാണാനുള്ള അനുവാദം തനിക്ക് നല്‍കണമെന്ന് മഹാബലി വാമനനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം മഹാബലി പാതാളത്തില്‍ നിന്ന് തന്റെ പ്രജകളെ കാണാനായി എത്തുന്ന ദിനമാണ് ഓണം.