T20 World Cup 2026: മാപ്പ് പറയാൻ തയ്യാറെന്ന് ബിസിബി ഡയറക്ടർ; ആ മാപ്പ് കയ്യിൽ വച്ചോളാൻ താരങ്ങൾ
Najmul Islam vs Bangladesh Players: നജ്മുൽ ഇസ്ലാമിൻ്റെ മാപ്പ് വേണ്ടെന്ന് ബംഗ്ലാദേശ് താരങ്ങൾ. പകരം മറ്റൊരു ആവശ്യമാണ് താരങ്ങൾ മുന്നോട്ടുവച്ചത്.

ബംഗ്ലാദേശ് ക്രിക്കറ്റിൽ പ്രതിസന്ധി ഒഴിയുന്നില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നജ്മുൽ ഇസ്ലാമിൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് വിവാദം കത്തിപ്പടർന്നത്. മുൻ ക്യാപ്റ്റനായ തമീം ഇഖ്ബാലിനെ നജ്മുൽ ഇസ്ലാം ഇന്ത്യൻ ഏജൻ്റ് എന്ന് വിളിച്ചതിലാണ് പ്രശ്നത്തിൻ്റെ തുടക്കം. (Image Courtesy - Social Media)

ബിസിസിഐ നിർദ്ദേശപ്രകാരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിന് പിന്നാലെ ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് പോവില്ല എന്ന് ബിസിബി നിലപാടെടുത്തിരുന്നു. ഇതിൽ ഇരു ബോർഡുകളും ചർച്ചനടത്തണമെന്നായിരുന്നു തമീമിൻ്റെ ആവശ്യം.

ഇതിന് പിന്നാലെയാണ് നജ്മുൽ ഇസ്ലാം തമീമിനെ ഇന്ത്യൻ ഏജൻ്റെന്ന് വിളിച്ചത്. ഇതിനെതിരെ താരങ്ങൾ രൂക്ഷമായി പ്രതികരിച്ചു. 15 ആം തീയതി നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ രണ്ട് മത്സരങ്ങളും താരങ്ങൾ ബഹിഷ്കരിച്ചു. അതിനാൽ ഈ മത്സരങ്ങൾ നടന്നില്ല.

നജ്മുൽ ഇസ്ലാം മാപ്പ് പറയണമെന്നും ലോകകപ്പ് കളിക്കാനായില്ലെങ്കിൽ ബോർഡ് നഷ്ടപരിഹാരം നൽകണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ ഒരു പ്രധാന ടൂർണമെൻ്റ് ജയിക്കാൻ സാധിക്കാത്ത ക്രിക്കറ്റ് ടീമില് ബോർഡ് നഷ്ടപരിഹാരം നൽകില്ലെന്ന് നജ്മുൽ പറഞ്ഞു.

ഇത് താരങ്ങളെ വീണ്ടും ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നജ്മുൽ മാപ്പ് പറയാൻ തയ്യാറായത്. എന്നാൽ, ഇനി മാപ്പ് വേണ്ടെന്നും ബോർഡിൽ നിന്ന് നജ്മുലിനെ പുറത്താക്കണമെന്നുമാണ് ഇപ്പോൾ താരങ്ങളുടെ ആവശ്യം. പ്രസ്താവന പിൻവലിക്കാൻ നജ്മുൽ തയ്യാറാവണമെന്നും താരങ്ങൾ പറഞ്ഞു.