Vedan Ganja Case: വേടനാകും മുൻപ് പേര് ഹിരൺദാസ് മുരളി; ശ്രദ്ധിക്കപ്പെട്ടത് മീ ടൂവിൽ
Who Is Vedan: കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ റാപ്പർ വേടൻ്റെ ശരിയായ പേര് ഹിരൺദാസ് മുരളി എന്നാണ്. 2020ൽ പുറത്തിറങ്ങിയ വോയിസ് ഓഫ് വോയ്സ്‌ലസ് എന്ന ആൽബത്തിലൂടെയാണ് വേടൻ ശ്രദ്ധേയനായത്.

സിനിമാക്കാർക്കിടയിലെ കഞ്ചാവുപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. സംവിധായകൻ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ആദ്യം പിടികൂടിയപ്പോൾ റാപ്പർ വേടനും കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായി. ഹരിൺദാസ് മുരളി എന്ന വേടൻ കേവലം അഞ്ച് വർഷം കൊണ്ടാണ് മലയാളത്തിലെ പ്രമുഖ റാപ്പർമാരിൽ ഒരാളായത്. (Image Courtesy - Vedan Instagram)

2020ലാണ് വേടൻ്റെ ആദ്യ ആൽബം പുറത്തുവരുന്നത്. തൻ്റെ 25ആം വയസിൽ, 'വോയിസ് ഓഫ് ദി വോയ്സ്‌ലസ്' എന്ന യൂട്യൂബ് ആൽബത്തിലൂടെ വേടൻ ശ്രദ്ധിക്കപ്പെട്ടു. ആൽബം സൂപ്പർ ഹിറ്റായതോടെ ആ വർഷം തന്നെ വേടൻ തൻ്റെ രണ്ടാം ആൽബം അവതരിപ്പിച്ചു. ഭൂമി ഞാൻ വാഴുന്നിടം എന്നായിരുന്നു ആൽബത്തിൻ്റെ പേര്.

തൊട്ടടുത്ത വർഷം വേടനെതിരെ മീ ടൂ ആരോപണമുയർന്നു. ഫേസ്ബുക്കിലൂടെ ചില സ്ത്രീകളാണ് ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ഇതിന് പരസ്യമായി വേടൻ മാപ്പ് പറഞ്ഞിരുന്നു. 2021ൽ തന്നെയാണ് അദ്ദേഹം പശ്ചാത്തല ഗായകനായത്. നായാട്ട് എന്ന സിനിമയിലെ നരബലി എന്ന ഗാനം എഴുതിയതും പാടിയതും വേടനായിരുന്നു. 2024ൽ മഞ്ഞുമ്മൽ ബോയ്സിലെ കുതന്ത്രം എന്ന പാട്ടും എഴുതി വേടൻ പാടി.

തൃശൂരാണ് വേടൻ്റെ സ്വദേശം. അച്ഛൻ മലയാളിയും അമ്മ തമിഴ്നാട് സ്വദേശിയുമാണ്. തമിഴ്നാട്ടിലെ ഊട്ടിക്കാരിയാണ് അമ്മ. തൃശൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള സ്വപ്നഭൂമി എന്ന വീട്ടിലാണ് വേടൻ വളർന്നത്. തെരുവിൻ്റെ മോൻ, കഥ, കർമ്മ തുടങ്ങി വിവിധ സിംഗിൾസും വേടൻ്റേതായി പുറത്തുവന്നിട്ടുണ്ട്.

ജാതിരാഷ്ട്രീയത്തിനെതിരായ വരികളാണ് വേടനെ ശ്രദ്ധേയനാക്കിയത്. കരുത്തുറ്റ വരികളിലൂടെ റാപ്പ് സോംഗുകൾ പാടുന്ന വേടൻ അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും റാപ്പ് എന്നതിനപ്പുറം വേടൻ്റെ പൊളിറ്റിക്സും അദ്ദേഹത്തിൻ്റെ സവിശേഷതയാണ്. എന്നാൽ, കഞ്ചാവ് കേസ് വേടൻ പറയുന്ന രാഷ്ട്രീയത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.