Yashasvi Jaiswal: യുടേണടിച്ച് ജയ്സ്വാൾ: ഗോവയ്ക്കായി കളിക്കാനുള്ള തീരുമാനം മാറ്റി; മുംബൈക്കൊപ്പം തുടരും
Yashasvi Jaiswal Withdraws His Decision To Play For Goa:ഗോവയ്ക്കായി ആഭ്യന്തര മത്സരങ്ങൾ കളിക്കാനുള്ള തീരുമാനം മാറ്റി യശസ്വി ജയ്സ്വാൾ. മുംബൈയ്ക്കൊപ്പം തുടരാനാണ് ആഗ്രഹമെന്നും എൻഒസി പിൻവലിക്കണമെന്നും ജയ്സ്വാൾ ആവശ്യപ്പെട്ടു.

യുവ താരം യശസ്വി ജയ്സ്വാൾ മുംബൈ വിട്ട് ഗോവയ്ക്കായി ആഭ്യന്തര മത്സരങ്ങൾ കളിക്കാനുള്ള തീരുമാനം മാറ്റിയെന്ന് റിപ്പോർട്ട്. മുംബൈയിൽ തന്നെ താരം തുടരും. തനിക്ക് അനുവദിച്ച എൻഒസി പിൻവലിക്കണമെന്നും അടുത്ത സീസണിൽ മുംബൈക്കായി കളിക്കാൻ തയ്യാറാണെന്നും താരം ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു എന്നാണ് റിപ്പോർട്ട്. (Image Credits - PTI)

'കുടുംബവുമൊത്ത് ഗോവയിലേക്ക് മാറാനുള്ള ചില ആലോചനകളുണ്ടായിരുന്നെങ്കിലും അത് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നു. അതിനാൽ എൻ്റെ എനിക്ക് നൽകിയ എൻഒസി പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സീസണിൽ മുംബൈക്കായി കളിക്കാൻ അനുവദിക്കണമെന്നും ഞാൻ അസോസിയേഷനോട് അഭ്യർത്ഥിക്കുന്നു.'- ജയ്സ്വാൾ ഇമെയിലിലൂടെ അറിയിച്ചു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജയ്സ്വാൾ ഗോവയിലേക്ക് മാറാനുള്ള എൻഒസി ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ മുംബൈ വിടുന്നതെന്ന് ജയ്സ്വാൾ അറിയിച്ചിരുന്നു. അർജുൻ തെണ്ടുൽക്കർ, സിദ്ധേഷ് ലഡ് തുടങ്ങിയ മുംബൈ താരങ്ങളും നിലവിൽ ഗോവ ടീമിലാണ് കളിക്കുന്നത്.

'ഗോവ നല്ലൊരു അവസരമാണ് എനിക്ക് നൽകിയത്. ക്യാപ്റ്റൻസിയും ഓഫർ ചെയ്തു. ഇന്ത്യക്കായി എപ്പോൾ കളിച്ചാലും നന്നായി കളിക്കണമെന്നാണ് ആഗ്രഹം. ഗോവയ്ക്കായി കളിച്ച് അവരെ സഹായിക്കണം. വളരെ നിർണായകമായ അവസരമാണിത്. അത് ഞാൻ സ്വീകരിച്ചു.'- നേരത്തെ ജയ്സ്വാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഉത്തർ പ്രദേശീലെ ഭദോഹിയിൽ നിന്ന് 11ആം വയസിൽ മുംബൈയിലെത്തിയതാണ് ജയ്സ്വാൾ. ഇന്ത്യക്കായി അണ്ടർ 19 ലോകകപ്പ് കളിച്ചിട്ടുള്ള താരം കരിയറിൻ്റെ തുടക്ക കാലം മുതൽ മികച്ച താരമായി പേരെടുത്തയാളാണ്. കഴിഞ്ഞ സീസണിൽ മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമുണ്ടായ ചില പ്രശ്നങ്ങൾ കാരണമാണ് താരം ഗോവയിലേക്ക് ചേക്കേറുന്നതെന്ന് സൂചനകളുണ്ടായിരുന്നു.