Guruvayoor Ekadasi 2025: ക്യൂ നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശിക്കായി ക്ഷേത്രത്തിൽ വൻ ക്രമീകരണങ്ങൾ
Guruvayoor Ekadasi 2025: രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനം അനുവദിക്കുന്നതല്ല. കൂടാതെ പ്രദക്ഷിണം....

ഗുരുവായൂർ ക്ഷേത്രം.
ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ഏകാദശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റിപ്പോർട്ട്. ഏകാദശി ദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രത്തിൽ ആധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമത് ഗീതാ പാരായണവും നടക്കുന്നതായിരിക്കും.
ഏകാദശി ദിനത്തിൽ ദേവസ്വം വകയാണ് ചുറ്റുവിളക്ക്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഏകാദശി ഉത്സവം ആഘോഷിക്കുക എന്നും ചെയർമാൻ വ്യക്തമാക്കി. ഗുരുവായൂരിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിന് എത്തുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി. ഏകാദശി നാളിൽ ഗുരുവായൂരപ്പനെ ദർശനം നടത്തുന്നത് ജീവിതത്തിൽ എല്ലാ ഐശ്വര്യവും കൊണ്ടുവരുമെന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ തന്നെ വലിയ ഭക്തജനങ്ങളുടെ ഒഴുക്ക് തന്നെയായിരിക്കും തിങ്കളാഴ്ച ക്ഷേത്രത്തിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ:ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ആഘോഷിക്കും
ഇതു മുൻനിർത്തി വലിയ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയിരിക്കുന്നത്. തൊഴാനായി ക്യൂവിൽ നിൽക്കുന്നവർക്ക് തന്നെയായിരിക്കും ഏകാദശി ദിനത്തിലും മുൻഗണന ഉണ്ടാവുക. ദേവസ്വം ഭരണസമിതി ഇതു സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനം അനുവദിക്കുന്നതല്ല. കൂടാതെ പ്രദക്ഷിണം അടി പ്രദക്ഷിണം ശയന പ്രദക്ഷിണം ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഏകാദശി ദിനത്തിൽ ഉണ്ടാകില്ല.
പ്രാദേശികം സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചയെ 3 30ന് ആരംഭിച്ച കാലത്ത് 4: 30ന് അവസാനിക്കുന്നതായിരിക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് ഓൺലൈനായി അഡ്വാൻസായും ഷീട്ടാക്കിയവർക്ക ഉദയാസ്തമയ പൂജയുടെ അഞ്ചു പൂജകൾ കഴിയുന്ന വേളയിൽ ഒരു മണിക്കൂർ ദർശനത്തിനിടെ 15 മിനിറ്റ് ദർശനം അനുവദിക്കുന്നതായിരിക്കും. ബാക്കി സമയമെല്ലാം പൊതുവഴിയിൽ ദർശനത്തിനായി നിൽക്കുന്ന ഭക്തർക്ക് അനുവദിക്കുക.