രാമായണ ശീലുകളുടെ പുണ്യവുമായി കർക്കടകം എത്തി; ജീവിതം ജയിക്കാൻ രാമനെ ഭജിക്ക!
Karkidakam 2026 begins today: പ്രകൃതിയോടിണങ്ങി ജീവിച്ച മുൻതലമുറകൾ നമ്മെക്കടന്ന് പോയത്, കാലവും ജീവിതവും ചേർന്ന് അവർക്ക് രൂപപ്പെടുത്തി നൽകിയ ചില സംസ്കാരങ്ങൾ നമുക്ക് പകർന്നുകൊണ്ടാണ്. ആ സംസ്കാരത്തിൽ ആത്മീയതയും പ്രകൃതിയും മനുഷ്യജീവിതവുമെല്ലാം കൂടിക്കലർന്നിട്ടുണ്ട്. കർക്കടകമാസം മലയാളിക്ക് രാമായണമാസമായത് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.

Karkidakam 2026 Begins Today
രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ഇന്ന് എത്തിയിരിക്കുന്നു. മലയാളിക്ക് കർക്കടകമെന്നത് വെറുമൊരു മലയാള മാസം മാത്രമല്ല, താളം തെറ്റിയ ശരീരത്തെയും ജീവിതത്തെയും വീണ്ടെടുക്കാനുള്ള സമയം കൂടിയാണ്. പ്രകൃതിയോടിണങ്ങി ജീവിച്ച മുൻതലമുറകൾ നമ്മെക്കടന്ന് പോയത്, കാലവും ജീവിതവും ചേർന്ന് അവർക്ക് രൂപപ്പെടുത്തി നൽകിയ ചില സംസ്കാരങ്ങൾ നമുക്ക് പകർന്നുകൊണ്ടാണ്. ആ സംസ്കാരത്തിൽ ആത്മീയതയും പ്രകൃതിയും മനുഷ്യജീവിതവുമെല്ലാം കൂടിക്കലർന്നിട്ടുണ്ട്. കർക്കടകമാസം മലയാളിക്ക് രാമായണമാസമായത് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. പ്രകൃതിയോടിണക്കി ഊട്ടിയും പരിചരിച്ചും ആത്മീയതയുടെ തണലിൽ മനസിനെ ശക്തിപ്പെടുത്തിയും സമൃദ്ധിയുടെ നാളെയിലേക്ക് കടക്കാൻ കർക്കടകം അഥവാ ‘രാമായണമാസം’ മലയാളിയെ പാകപ്പെടുത്തുന്നു.
കർക്കടകം മലയാളിക്ക് പണ്ട് പഞ്ഞമാസമായിരുന്നു. പ്രകൃതി മഴകൊണ്ട് ഭൂമിയെ പരുവപ്പെടുത്തുന്ന കർക്കടകത്തിൽ മനുഷ്യർ രോഗങ്ങളാലും വരുമാനമില്ലാതെ ദാരിദ്ര്യത്താലും വലയുന്ന ഒരു സാഹചര്യം നിലനിന്നിരുന്നതുകൊണ്ടാണ് പഞ്ഞമാസം എന്ന് കർക്കടകത്തെ വിളിക്കപ്പെട്ടത്. മഴക്കാലം എന്നതിനാൽത്തന്നെ ആളുകൾ വളരെപ്പെട്ടെന്ന് രോഗങ്ങൾക്ക് കീഴ്പ്പെടുകയും ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തിരുന്ന ഒരു സമയം കൂടിയായിരുന്നു കർക്കടകം.
ALSO READ: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ
ഇത്തരം ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുത്ത് നമ്മുടെ പൂർവികർ കർക്കടകത്തിൽ ആരോഗ്യ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നൽകുകയും അതിനനുസരിച്ചുള്ള ജീവിതരീതികളും സുഖചികിത്സകളും ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് കർക്കടകക്കഞ്ഞി, സുഖചികിത്സ, ഉഴിച്ചിൽ, ഭക്ഷണക്രമീകരണങ്ങൾ (കർക്കിടകത്തിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ) എന്നിവയെല്ലാം ചിട്ടപ്പെടുത്തപ്പെട്ടത്. കൂടാതെ ഈ മാസത്തിൽ വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും ഏറെ പ്രാധാന്യം നൽകണം എന്നാണ് പണ്ടത്തെ ചിട്ടവട്ടങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
ശരീരത്തെ പരിപോഷിപ്പിക്കുന്നതോടൊപ്പമോ അതിലേറെയോ പ്രാധാന്യം കർക്കിടകത്തിൽ മനസിനെ ശക്തിപ്പെടുത്തുന്നതിനും നാം നൽകണം എന്ന് പൂർവികരുടെ രീതികൾ മലയാളിയെ പഠിപ്പിക്കുന്നു. മനസിനെ ബലപ്പെടുത്താൻ ആത്മീയത അനുയോജ്യമാണ് എന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതാണ് നമ്മുടെ രാമായണ മാസാചരണം. വറുതിയുടെയും ദുരിതത്തിന്റെയും കാലത്ത് മനസ് മടുക്കാതിരിക്കാനും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനും രാമായണത്തെക്കാൾ നന്നായി മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാകില്ല.
ജീവിതം ജയിക്കാൻ രാമനെ ഭജിക്ക
ജീവിതം മനുഷ്യനെ പല പരീക്ഷണങ്ങളിലൂടെയുമാണ് മുന്നോട്ട് കൊണ്ടുപോകുക. ഈ പരീക്ഷണങ്ങളെ നേരിടാൻ മനസിന് ശക്തിപകരാൻ രാമന്റെ ജീവിതത്തോളം പോന്ന മറ്റൊരു പാഠമില്ല. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. മനുഷ്യനാൽ മാത്രമേ രാവണനെ വധിക്കാൻ സാധിക്കൂ എന്ന ബ്രഹ്മാവിന്റെ വരബലത്തെ തുടർന്ന് മഹാവിഷ്ണുവെടുത്ത മനുഷ്യാവതാരമാണ് ശ്രീരാമന്റേത്.
അവതാര ഉദ്ദേശം രാവണ നിഗ്രഹമായിരുന്നുവെങ്കിലും മനുഷ്യാവതാരം എന്ന നിലയിൽ ഒരു മനുഷ്യൻ കടന്നുപോകുന്ന പല ദുർഘടമായ ജീവിതാനുഭവങ്ങളിലൂടെ രാമൻ കടന്നുപോകുന്നതായി രാമായണത്തിൽ നമുക്ക് കാണാം. വനവാസം, സീതാവിരഹം, യുദ്ധം തുടങ്ങിയ വലിയ പ്രതിസന്ധികളിലും അദ്ദേഹം ധർമ്മവും ക്ഷമയും കൈവിട്ടില്ല. രാമന്റെ വീരചരിതമായ രാമായണം പലതുണ്ടെങ്കിലും നമുക്ക് മുഖ്യം എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം ആണ്, ഭക്തിയാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്.
ഭക്തിരസത്തോടൊപ്പം വളരെ ലളിതമായി ജീവിത തത്ത്വങ്ങളും തത്വചിന്തകളും സാധാരണക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് അദ്ധ്യാത്മ രാമായണത്തിന്റെ പ്രാധാന്യം. കേരളീയ ജീവിതവുമായി ഇത് അത്രമേൽ ഇഴചേർന്നുകിടക്കുന്നു. പ്രകൃതിയും ശരീരവും മനസ്സും ഒരുപോലെ തളരുന്ന കർക്കടകമെന്ന കാലയളവിനെ ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും വഴിയിലൂടെ പച്ചപിടിപ്പിക്കാൻ രാമായണ പാരായണം വഴിയൊരുക്കും.
രാജ്യവും സമ്പത്തും നഷ്ടപ്പെട്ട് കാട്ടിൽ കഴിയേണ്ടി വന്നിട്ടും ധർമ്മം കൈവിടാതെ ജീവിച്ച ശ്രീരാമന്റെ ജീവിതത്തെ അടുത്തറിയുകവഴി നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ നേരിടാനും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്താനും രാമായണ പാരായണം മനസിന് കരുത്തും ആത്മവിശ്വാസവും പകരും. ശുഭ ചിന്ത, ആശ്വാസം, സമാധാനം, ശാന്തി എന്നിവയെല്ലാം മനസിന് നൽകാൻ രാമായണ പാരായണത്തിന് കഴിയും.
കർക്കടകം ഒന്നിന് ‘ബാലകാണ്ഡ’ത്തിൽ’ തുടങ്ങി മാസാവസാനത്തോടെ രാമായണം പൂർണ്ണമായി വായിച്ചു തീരുന്ന നിലയ്ക്കാണ് രാമായണ പാരായണത്തിന് തയാറെടുക്കേണ്ടത്. വൈകുന്നേരങ്ങളിൽ കത്തിച്ച നിലവിളക്കിന് മുന്നിലിരുന്നുകൊണ്ടുള്ള രാമായണ പാരായണം അത് പാരായണം ചെയ്യുന്നവർക്ക് മാത്രമല്ല, വീട്ടിലാകെയും ചൈതന്യവും ഉണർവും നിറയ്ക്കും. ഇത് കുടുംബാന്തരീക്ഷം മെച്ചപ്പെടുത്താനുൾപ്പെടെ സഹായിക്കും.
പുതിയ മനസും ശരീരവുമായി സമൃദ്ധിയിലേക്ക്
ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും നേരായ വഴിയിലൂടെ മാത്രം സഞ്ചരിക്കാനുള്ള കരുത്ത് രാമായണ പാരായണം നമുക്ക് നൽകുന്നു. മലയാള രീതി പ്രകാരം 12-ാം മാസമാണ് കർക്കിടകം. ചിങ്ങത്തിൽ തുടങ്ങി മിഥുനം വരെയുള്ള 11 മാസം നാം സഹിച്ച കഷ്ടപ്പാടുകളിൽ നിന്ന് ഒരു ഇടവേളയെടുക്കാനും കൂടുതൽ കരുത്തോടെ അടുത്ത 11 മാസത്തെ നേരിടാനുള്ള ഊർജ്ജം സംഭരിക്കാനുമുള്ള സമയമായി കർക്കടകത്തെ പ്രയോജനപ്പെടുത്തുക. അതുവഴി ഐശ്വര്യത്തിന്റെ ചിങ്ങപ്പുലരിയിലേക്ക് ചൈതന്യത്തോടെ കടക്കുക.
English Summary
The ancient practices of Malayalis teach us that we should give as much importance to strengthening the mind as we do to nourishing the body, or even more so, during the month of Karkidaka. Our culture of observing the Ramayana month is shaped by the realization that spirituality is apt to strengthen the mind. Nothing can teach us better than the Ramayana to not lose heart and face crises with courage in times of drought and hardship.