Karkidakam: ശാരിക പൈതലേ ചാരുശീലേ വരിക… രാമായണ ശീലുകൾ മുഴങ്ങുന്ന കർക്കിടകം വരവായി
The Month of Ramayana started : കർക്കിടകം ദക്ഷിണായനത്തിന്റെ ആരംഭമാണെന്ന് പറഞ്ഞുവല്ലോ ഉത്തരായനം ദേവന്മാർക്ക് പകലായും ദക്ഷിണായനം ദേവന്മാർക്ക് രാത്രിയായും കണക്കാക്കപ്പെടുന്നു. അതായത് ദക്ഷിണായനത്തിന്റെ ആരംഭകാലമായ ദേവ സന്ധ്യാ സമയത്ത് ഈശ്വരഭജനങ്ങൾക്കും പ്രാർത്ഥനകൾക്കും കൂടുതൽ ബലം ഉണ്ടാകുമെന്നാണ് വിശ്വാസം.
കൊച്ചി: ശ്രീ രാമ നാമം മുഴങ്ങുന്ന രാമായണ മാസം വരവായി. ഇനി രാമകഥയാവും നമ്മുടെ പ്രഭാത – പ്രദോഷ സന്ധ്യകളെ സാർത്ഥകമാക്കുക. ഹൈന്ദവ വിശ്വാസികൾക്ക് ആത്മീയ നിർവൃതിയുടെയും പുണ്യത്തിന്റെയും ഒപ്പം ശരീര സംരക്ഷണത്തിന്റെയും മാസമാണ് കർക്കിടകം. കർക്കിടക മാസം ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം ആണ്. സൂര്യൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് മാറുന്ന ഈ സമയം പുണ്യകർമ്മങ്ങൾക്കും ഈശ്വരഭജനങ്ങൾക്കും ഉത്തമമായി കണക്കാക്കപ്പെടുന്നു.
ഗരുഡപുരാണം, ഭാഗവതം, ദേവി മഹാത്മ്യം, മഹാഭാരതം , ശിവപുരാണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളും ഈ മാസം പാരായണം ചെയ്യാറുണ്ട്. എന്നാലും രാമായണമാസം ആയിട്ടാണ് കർക്കിടകം പ്രധാനമായും അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ പഞ്ഞമാസം ആയിരുന്ന കർക്കിടകം ഇന്ന് ആത്മീയമായ ഉണർവിന്റെ മാസം ആയി മാറിയിരിക്കുന്നു. ആരോഗ്യത്തിനും മനശാന്തിക്കും പ്രാധാന്യം നൽകുന്ന ഈ മാസം ഔഷധക്കഞ്ഞിയും സുഖചികിത്സകളും അനുഷ്ഠിക്കുന്ന പതിവും നിലവിലുണ്ട്.
രാമായണ പാരായണവും നാലമ്പല ദർശനവും
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എല്ലാ വീടുകളിലും ഭക്തിപൂർവ്വം പാരായണം ചെയ്യുന്നത് ഈ മാസത്തിലെ പ്രധാന ആചാരമാണ്. രാമായണ പാരായണം കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. കർക്കിടക മാസത്തിൽ നാലമ്പല ദർശനം നടത്തുന്നത് മറ്റൊരാചാരമാണ്.
രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഇതിനൊപ്പം തന്നെ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്ന കർക്കിടക വാവ് മറ്റൊരു പ്രധാന ദിവസമാണ്. കടൽ തീരങ്ങളിലും പുഴയോരങ്ങളിലും ക്ഷേത്ര കടവുകളിലും ഒക്കെ ആയിരക്കണക്കിനാളുകൾ ബലിതർപ്പണം നടത്താൻ ഒത്തുകൂടുന്നു.
ഐതിഹ്യപരമായ പ്രാധാന്യം
കർക്കിടകം ദക്ഷിണായനത്തിന്റെ ആരംഭമാണെന്ന് പറഞ്ഞുവല്ലോ ഉത്തരായനം ദേവന്മാർക്ക് പകലായും ദക്ഷിണായനം ദേവന്മാർക്ക് രാത്രിയായും കണക്കാക്കപ്പെടുന്നു. അതായത് ദക്ഷിണായനത്തിന്റെ ആരംഭകാലമായ ദേവ സന്ധ്യാ സമയത്ത് ഈശ്വരഭജനങ്ങൾക്കും പ്രാർത്ഥനകൾക്കും കൂടുതൽ ബലം ഉണ്ടാകുമെന്നാണ് വിശ്വാസം.
പഞ്ഞമാസം ആയ കർക്കിടകത്തിലെ കഷ്ടപ്പാടുകളിൽ നിന്നും മോചനം നേടാനും ദുരിതങ്ങൾ അകറ്റാനും ആത്മീയമായ ചിട്ടകൾ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആരോഗ്യപരമായ പ്രാധാന്യം
ആയുർവേദ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസമാണിത്. കനത്ത മഴയും തണുപ്പും ഉള്ള ഈ കാലാവസ്ഥയിൽ ശരീരത്തിന്റെ ദഹന ശക്തി കുറയുകയും പ്രതിരോധശേഷി ക്ഷയിക്കുകയും ചെയ്യാം. ഈ സമയത്ത് ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറംതള്ളാനും വാതം പിത്തം കഫം എന്നീ ദോഷങ്ങളെ സന്തുലിതമാക്കാനും കർക്കടക ചികിത്സ സഹായിക്കുന്നു.
ഔഷധക്കഞ്ഞി അഥവാ കർക്കിടക കഞ്ഞി ഈ മാസത്തിലെ പ്രധാന ഭക്ഷണമാണ്. ഞവര അരിയും പലതരം ഔഷധസസ്യങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. പ്രതിരോധശേഷി കൂട്ടാനും ദഹനത്തെ സഹായിക്കാനും ഇത് ഉത്തമമാണ്.
ദിവസവും എണ്ണ തേച്ച് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് വാതരോഗങ്ങൾ ക്ഷീണം എന്നിവ അകറ്റാനും ചർമ്മത്തിനും തലമുടിക്കും ആരോഗ്യം നൽകാനും സഹായിക്കുന്നു എന്നും പഴമക്കാർ പറയുന്നു.
ചുരുക്കത്തിൽ കർക്കിടകം മലയാളിയുടെ ജീവിതത്തിൽ ആഴത്തിൽ സാംസ്കാരികവും ഐതിഹ്യപരവും ആരോഗ്യപരവുമായി പ്രാധാന്യമുള്ള ഒരു മാസമാണ് ഇത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ആത്മീയമായും ശാരീരികമായും ഉണർവ് നേടാനുമുള്ള ഒരു അവസരം കൂടിയാണ് കർക്കിടകം എന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ.