AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

sabarimala makaravilakku 2026: പൊന്നമ്പലമേട്ടിൽ ദിവ്യജ്യോതി തെളിയുക എപ്പോൾ? കൃത്യമായ തീയ്യതി, സമയക്രമം, ഐതീ​ഹ്യം അറിയാം

sabarimala makaravilakku 2026: വില്ലാളിവീരനായ മണികണ്ഠൻ തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കി ശബരിമലയിലെ വിഗ്രഹത്തിൽ...

sabarimala makaravilakku 2026: പൊന്നമ്പലമേട്ടിൽ ദിവ്യജ്യോതി തെളിയുക എപ്പോൾ? കൃത്യമായ തീയ്യതി, സമയക്രമം, ഐതീ​ഹ്യം അറിയാം
Sabarimala MakaravilakkuImage Credit source: Social Media, PTI
Ashli C
Ashli C | Published: 04 Jan 2026 | 11:17 AM

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മകരവിളക്ക്. സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്ന മകരസംക്രാന്തി ദിനത്തിലാണ് മകരവിളക്ക് സാധാരണയായി ആഘോഷിക്കുന്നത്. ഈ ദിവ്യജ്യോതിയുടെ ദർശനം ലഭിക്കുന്നത് ജീവിതത്തിൽ പുണ്യകരമായാണ് കണക്കാക്കുന്നത്. വില്ലാളിവീരനായ മണികണ്ഠൻ തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കി ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചതിന്റെ സ്മരണാർത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്.

ഈ വർഷത്തെ മകരവിളക്ക് ജനുവരി 14നാണ്. മകരവിളക്കിന് പിന്നിൽ പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. ദക്ഷിണായനം കഴിഞ്ഞ് പുണ്യകാലമായ ഉത്തരായനം ആരംഭിക്കുന്ന മുഹൂർത്തമാണ് ഇത് എന്നും വിശ്വാസം നിലനിൽക്കുന്നു. മകരവിളക്ക് ദിവസം പന്തളം കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന വിശേഷപ്പെട്ട തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന അതിവിശേഷമാണ്. ഈ ദീപാരാധനയോടൊപ്പം കിഴക്ക് വശത്തുള്ള പൊന്നമ്പലമേട്ടിൽ മൂന്നു തവണ ജ്യോതി തെളിയുന്നു. ഇത് മകരവിളക്ക് എന്ന് വിശേഷിപ്പിക്കുന്നു.

മകരവിളക്കുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങൾ നിലനിൽക്കുന്നു. അതിൽ പ്രധാനമാണ് പന്തളത്ത് നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര.ഇതിൽ അത്യപൂർവ്വവും അങ്ങേയറ്റം പുണ്യകരവുമായി കാണപ്പെടുന്ന മറ്റൊന്നാണ് സന്നിധാനത്തിലേക്ക് ഈ മൂന്ന് പെട്ടികളിൽ ആഭരണങ്ങൾ കൊണ്ട് എത്തുമ്പോൾ ആകാശത്ത് കൃഷ്ണപ്പരുന്ത് വലം വയ്ക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ഭഗവാന്റെ സാന്നിധ്യമായാണ് ഭക്തർ വിശ്വസിക്കുന്നത്. മകരസംക്രമ മുഹൂർത്തത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നുള്ള നെയ്യ് ഉപയോഗിച്ച് വിഗ്രഹത്തിൽ സംക്രമാഭിഷേകം നടത്തുന്നു.

മകരവിളക്കിന് ശേഷം വരുന്ന അഞ്ച് ദിവസങ്ങളിൽ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും മണിമണ്ഡപത്തിൽ കളമെഴുത്തും പാട്ടും നടക്കും. അഞ്ചാം ദിവസം ശരംകുത്തിയിൽ പോയി നായാട്ടുവിളി നടത്തുന്നതോടെ എഴുന്നള്ളത്ത് അവസാനിക്കും. ഉത്സവത്തിന്റെ അവസാന ദിനത്തിൽ നടക്കുന്ന ‘ഗുരുതി’ പൂജയോടെ മലദൈവങ്ങളെ പ്രീതിപ്പെടുത്തി നട അടയ്ക്കുന്നു.

മകരവിളക്കിനോടനുബന്ധിച്ച് ഐതിഹ്യങ്ങളിൽ ഏറ്റവും പ്രധാനം മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പൻ ധർമ്മശാസ്താവിൽ ലയിച്ച ദിവസമാണ് ഇതെന്നാണ്. മറ്റൊന്ന് വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും ശബരിമലയിൽ വച്ച് ശബരിയെ കണ്ടുമുട്ടി എന്നും ശബരിയുടെ അഭ്യർത്ഥനപ്രകാരം ശാസ്താവ് അവർക്ക് ദർശനം നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഈ അപൂർവ്വ ദർശനത്തിന്റെ സ്മരണാർത്ഥമാണ് മകരവിളക്ക് എന്നാണ് മറ്റൊരു ഐതിഹ്യം. മറ്റൊന്ന് തപസ്സ് ചെയ്യുന്ന അയ്യപ്പൻ തന്റെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നതിനായി യോഗനിദ്രയിൽ നിന്നും ഉണരുന്ന പുണ്യ ദിനമാണ് ഇതെന്നാണ് കരുതി പോകുന്നത്.