Iran-Israel Conflict: ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത; ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ അടിയന്തര നിർദ്ദേശമെത്തി
Gulf Countries On High Alert: മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹറിനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും എംബസി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും സൂക്ഷ്മമായി ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക.
മനാമ: പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇതിനോടനുബന്ധിച്ച് ബഹ്റിൻ ഉൾപ്പെടെ പല രാജ്യങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ മുഴങ്ങാറുള്ള അപായ സൈറണുകൾ പ്രവർത്തിപ്പിച്ചതായാണ് വിവരം. ഇറാന് നേരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ കനത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.
ബഹറിൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ
അപകടസാധ്യത മുന്നിൽക്കണ്ട് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് പ്രത്യേക മൊബൈൽ അലേർട്ടുകൾ അയച്ചിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത കൈവിടാതെയിരിക്കാൻ നിർദ്ദേശമുണ്ട്. ഏറ്റവും അടുത്തുള്ള സുരക്ഷിതമായ ഇടങ്ങളിൽ അഭയം പ്രാപിക്കാനും പൊതു സുരക്ഷ കണക്കിലെടുത്ത് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പ്രധാന റോഡുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചു.
മന്ത്രാലയം നൽകുന്ന തുടർന്നുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുന്നതിനും നിർദ്ദേശമുണ്ട്.
Also Read: Iran Airstrike: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം, പ്ലാനിട്ടത് അമേരിക്ക; റിപ്പോര്‍ട്ട്
ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദ്ദേശം
മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹറിനിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും എംബസി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും സൂക്ഷ്മമായി ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. എംബസി പൂർണ്ണമായി പ്രവർത്തനസജ്ജമാണ്. അടിയന്തര സഹായങ്ങൾക്കായി 00973 39418071 എന്ന 24 മണിക്കൂർ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചിട്ടുണ്ട്. ബഹറിനിലെ ഇന്ത്യൻ പ്രവാസികൾ പ്രാദേശിക അതോറിറ്റികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.