AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ashtami Rohini 2025 In Guruvayur: കണ്ണനെ കാണാന്‍ ഭക്തസഹസ്രങ്ങള്‍ ഗുരുവായൂരിലേക്ക്; നാളെ 40,000 പേര്‍ക്ക് സദ്യ

Janmashtami 2025 Guruvayur Temple Arrangements On September 14: നാളെ ഏകദേശം 200 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. പുലര്‍ച്ചെ നാലിന് വിവാഹ ചടങ്ങുകള്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങളിലായി വിവാഹം നടക്കും. ഭഗവാന്റെ പിറന്നാള്‍ സദ്യയ്ക്കും, മറ്റ് ചടങ്ങുകള്‍ക്കും 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്

Ashtami Rohini 2025 In Guruvayur: കണ്ണനെ കാണാന്‍ ഭക്തസഹസ്രങ്ങള്‍ ഗുരുവായൂരിലേക്ക്; നാളെ 40,000 പേര്‍ക്ക് സദ്യ
ഗുരുവായൂര്‍ ക്ഷേത്രം Image Credit source: guruvayurdevaswom.in
jayadevan-am
Jayadevan AM | Published: 13 Sep 2025 13:13 PM

ഗുരുവായൂര്‍: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഷ്ടമി രോഹിണി ഇത്തവണ ഞായറാഴ്ച കൂടിയായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഭഗവാന്റെ പിറന്നാള്‍ സദ്യയ്ക്കും, മറ്റ് ചടങ്ങുകള്‍ക്കും 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. 40,000 പേര്‍ക്ക് നാളെ സദ്യ നല്‍കും. നാലു കൂട്ടം കറിയും, ഉപ്പേരിയും, ഉപ്പിലിട്ടതും സദ്യയിലുണ്ടാകും. ഒപ്പം പാല്‍പ്പായസവും നല്‍കണം. ഇതിന് മാത്രമായി ഏതാണ്ട് 27.50 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചുറ്റുവിളക്ക്, കാഴ്ചശീവേലി തുടങ്ങിയവയ്ക്കായി 6.90 ലക്ഷം രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു.

ഒരേ സമയം രണ്ടായിരത്തിലേറെ പേര്‍ക്ക് സദ്യ കഴിക്കാനാകും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാള്‍, പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാള്‍ എന്നിവിടങ്ങളിലായി സൗകര്യമൊരുക്കും. നാളെ രാവിലെ ആറു മുതല്‍ വിഐപി ദര്‍ശനം ഉണ്ടായിരിക്കില്ല. പൂന്താനം ഹാളില്‍ നിന്ന് കിഴക്കേനടയിലെ പൊതു ക്യൂ തുടങ്ങും.

നിര്‍മാല്യം മുതല്‍ ക്യൂ നില്‍ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് പ്രവേശിപ്പിക്കും. രാവിലെ 4.30 മുതല്‍ 5.30 വരെയും, വൈകിട്ട് 5.30 മുതല്‍ ആറു വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് ദര്‍ശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിവേദിക്കുന്നത് 41,500 അപ്പം

ജന്മാഷ്ടമിയിലെ പ്രധാന വഴിപാട് അപ്പം നിവേദ്യമാണ്. ഇത്തവണ 41,500 അപ്പം നിവേദിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് അപ്പത്തിന് 35 രൂപയാണ് വില. 700 രൂപയുടെ വഴിപാട് ഒരാള്‍ക്ക് ചെയ്യാനാകും. 7.25 ലക്ഷം രൂപയുടെ ഉണ്ണിയപ്പവും, എട്ട് ലക്ഷം രൂപയുടെ പാല്‍പ്പായസവുമാണ് തയ്യാറാക്കുന്നത്. കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്നത്. രാവിലെ, ഉച്ചയ്ക്ക് ശേഷം, കാഴ്ചശീവേലി, രാത്രി വിളക്ക് എന്നിവയ്ക്ക് സ്വര്‍ണക്കോലം എഴുന്നള്ളിക്കും.

പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അരങ്ങേറും. വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലാണ് പഞ്ചവാദ്യം. ഉച്ചകഴിഞ്ഞും, രാത്രിയും പഞ്ചവാദ്യമുണ്ടാകും.

Also Read: Shri Krishna Janmashtami 2025: ഭക്തിയുടെ നിറവിൽ നാളെ ശ്രീകൃഷ്ണ ജയന്തി: പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

200 വിവാഹങ്ങള്‍

നാളെ ഏകദേശം 200 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. പുലര്‍ച്ചെ നാലിന് വിവാഹ ചടങ്ങുകള്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങളിലായി വിവാഹം നടക്കും. വിവാഹത്തിനെത്തുന്ന സംഘങ്ങള്‍ക്ക് ടോക്കണ്‍ നല്‍കി ഇരിപ്പിടം ഒരുക്കും. രാവിലെ ഒമ്പതിന് അഷ്ടമി രോഹിണി ഘോഷയാത്രകള്‍ എത്തുന്നതിന് മുമ്പായി കഴിയുന്നത്രയും വിവാഹങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും.