AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijayadashami 2025: ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകൾ… വിദ്യാരംഭത്തിന്റെ ചടങ്ങുകളും സമയവും അറിയാം

vijayadashami for vidyarambham: നവരാത്രിയോടനുബന്ധിച്ച് ഭഗവതിക്ക് മുൻപിൽ പൂജ വച്ച തങ്ങളുടെ തൊഴിൽ ഉപകരണങ്ങൾ പൂജയെടുപ്പോടെ വിശ്വാസികൾ ഉപയോഗിച്ച് തുടങ്ങുന്നു.

Vijayadashami 2025: ഇന്ന് വിജയദശമി,  ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകൾ… വിദ്യാരംഭത്തിന്റെ ചടങ്ങുകളും സമയവും അറിയാം
VijayadashamiImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 02 Oct 2025 06:43 AM

ഇന്ന് വിജയദശമി. നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് മഹാസരസ്വതി ഭാവത്തിലുള്ള ദേവി അറിവിന്റെ മൂർത്തീഭാവമായി ആരാധിക്കപ്പെടുന്നു. ഇന്ന് നിലവധി കുട്ടികൾ ആദ്യാക്ഷരം കുറിക്കും. വിദ്യാരംഭം (എഴുത്തിനിരുത്ത്) എന്നത് കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിച്ച് വിദ്യയിലേക്ക് പ്രവേശിപ്പിക്കുന്ന ഒരു പുണ്യകർമ്മമാണ്. ഹൈന്ദവ ആചാരമാണെങ്കിലും ആധുനിക കാലത്ത് മതഭേദമില്ലാതെ പലരും ഈ ദിവസം വിദ്യാരംഭം കുറിക്കാറുണ്ട്.

വിദ്യാരംഭം എപ്പോൾ?

നവരാത്രി ആഘോഷങ്ങളുടെ സമാപന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിലാണ് പ്രധാനമായും വിദ്യാരംഭം നടത്തുന്നത്. സാധാരണയായി കുട്ടികളെ മൂന്നാം വയസ്സിലാണ് എഴുത്തിനിരുത്തുന്നത്. വിജയദശമി ഒരു ശുഭദിനമായി കണക്കാക്കുന്നതിനാൽ, ഈ ദിവസം വിദ്യാരംഭം കുറിക്കുന്നത് വിദ്യയും ജ്ഞാനവും നേടാൻ വളരെ ഉത്തമമായി കരുതുന്നു. ഇത് ജീവിതത്തിൽ വിജയം നേടാൻ സഹായിക്കുമെന്നും വിശ്വാസമുണ്ട്. ദേവീ ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യം. കേരളത്തിലെ എല്ലാ ദേവീ ക്ഷേത്രങ്ങളിലും ഈ ദിവസം വിദ്യാരംഭം നടത്താറുണ്ട്. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ വിദ്യാരംഭം ലോകപ്രസിദ്ധമാണ്.

വിദ്യാരംഭം ചടങ്ങ് എങ്ങനെ?

  • ഒരു ഗുരുസ്ഥാനീയൻ (പിതാവോ, ഗുരുക്കന്മാരോ, പൂജാരിയോ) കുട്ടിയെ മടിയിലിരുത്തിയാണ് ഈ ചടങ്ങ് നടത്തുന്നത്.
  • ഗണപതി പൂജയോടെ ചടങ്ങ് ആരംഭിക്കുന്നു. വിദ്യാദേവതയായ സരസ്വതി ദേവിയെ സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തുന്നു.
  • ഗുരു സ്വർണ്ണമോതിരം കൊണ്ട് കുട്ടിയുടെ നാവിൽ ആദ്യമായി ‘ഹരിഃ ശ്രീ’ എന്ന് കുറിക്കുന്നു.
  • കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരൽ പിടിച്ച് പച്ചരി നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു.
  • ധാന്യങ്ങളിൽ എഴുതിയ ശേഷം പൂഴിമണലിൽ ‘അ’ എന്ന് എഴുതിച്ചുകൊണ്ട് ഔപചാരികമായ പഠനം തുടങ്ങുന്നു.

 

വിജയദശമിയുടെ പ്രത്യേകത

 

വിദ്യാരംഭം മാത്രമല്ല, വിജയദശമി ദിവസം മറ്റു പല കാര്യങ്ങൾക്കും ശുഭകരമായി കണക്കാക്കുന്നു. നവരാത്രിയോടനുബന്ധിച്ച് ഭഗവതിക്ക് മുൻപിൽ പൂജ വച്ച തങ്ങളുടെ തൊഴിൽ ഉപകരണങ്ങൾ പൂജയെടുപ്പോടെ വിശ്വാസികൾ ഉപയോഗിച്ച് തുടങ്ങുന്നു. കലാകാരന്മാർ, ഗായകർ, വാദ്യോപകരണ വിദഗ്ധർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ ഈ ദിവസം പ്രാർത്ഥനാപൂർവ്വം തങ്ങളുടെ ഉപകരണങ്ങളെടുത്ത് കർമ്മരംഗത്ത് സജീവമാകുന്നു. ശത്രുസംഹാരിണിയായ ദുർഗാദേവിയുടെ അനുഗ്രഹവും ലക്ഷ്മീദേവിയുടെ ഐശ്വര്യവും ഈ ചടങ്ങിലൂടെ ലഭിക്കുമെന്നും വിശ്വാസമുണ്ട്.