Virat Kohli: ടീമിന്റെ വിജയത്തിന് വിരാട് കോഹ്ലി നഷ്ടപ്പെടുത്തിയത് സ്വന്തം റണ്‍സുകള്‍; ആരോണ്‍ ഫിഞ്ച് പറയുന്നു
Aaron Finch about Virat Kohli: ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന പിച്ചുകളെയാണ് കോഹ്ലി സ്ഥിരമായി പിന്തുണച്ചിരുന്നതെന്നും ഫിഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ബാറ്റിങ് പിച്ചുകളെ പിന്തുണച്ച് കോഹ്ലിക്ക് റെക്കോഡുകള്‍ നേടാമായിരുന്നുവെന്നും, എന്നാല്‍ ടീമിന്റെ നേട്ടത്തിന് സ്വന്തം ഈഗോ മാറ്റിവച്ചെന്നും ഫിഞ്ച്

വിരാട് കോഹ്ലി
ഏതാനും ദിവസം മുമ്പാണ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതായി വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയ്ക്ക് പിന്നാലെ കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന്റെ നിരാശയിലാണ് ആരാധകര്‍. ടീമിന്റെ വിജയത്തിന് വേണ്ടി വ്യക്തിഗത നേട്ടങ്ങള്‍ ത്യജിച്ച താരമാണ് കോഹ്ലിയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. സ്വന്തം ഈഗോ മാറ്റിവച്ച് വ്യക്തികത റണ്‍സുകള്‍ കോഹ്ലി പലപ്പോഴും ത്യജിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ ടീമിന്റെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു അതെന്നും ഫിഞ്ച് പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോള്‍ നോക്കിയാല്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്നതുപോലെ മികച്ചതല്ലെന്ന് പറയാനാകും. നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍തന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുമായിരുന്നിട്ട് പോലും ടീമിന്റെ വിജയത്തിന് സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കാനാണ് കോഹ്ലി പിന്തുണച്ചതെന്ന് ഫിഞ്ച് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ടീമിന്റെ വിജയത്തിന് അനുകൂല ബാറ്റിങ് സാഹചര്യങ്ങള്‍ പോലും ത്യജിക്കാന്‍ കോഹ്ലി സന്നദ്ധത കാണിച്ചുവെന്നാണ് ഫിഞ്ചിന്റെ വാദം.
തന്റെ ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന പിച്ചുകളെയാണ് കോഹ്ലി സ്ഥിരമായി പിന്തുണച്ചിരുന്നതെന്നും ഫിഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ബാറ്റിങ് പിച്ചുകളെ പിന്തുണച്ച് കോഹ്ലിക്ക് റെക്കോഡുകള്‍ നേടാമായിരുന്നുവെന്നും, എന്നാല്‍ ടീമിന്റെ നേട്ടത്തിന് സ്വന്തം ഈഗോ മാറ്റിവച്ചെന്നുമാണ് ഫിഞ്ച് സമര്‍ത്ഥിക്കുന്നത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് കോഹ്ലി. കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 68 ടെസ്റ്റ് മത്സരങ്ങളിൽ 40 എണ്ണം വിജയിച്ചു. 17 എണ്ണം തോറ്റു. 11 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
Read Also: IPL 2025: കൊല്‍ക്കത്തയുടെ മോഹങ്ങള്‍ മഴയില്‍ ഒലിച്ചു; പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്‍മാര്‍
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയില്‍ നടന്ന 31 ടെസ്റ്റുകളില്‍ 24 എണ്ണത്തിലും ടീം വിജയിച്ചു. വിദേശത്ത് 36 മത്സരങ്ങളില്‍ 16 എണ്ണത്തില്‍ കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് മറികടന്നത്. ഗാംഗുലി 11 മത്സരങ്ങളില്‍ വിദേശത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.
46.85 ശരാശരിയില്‍ 9,230 റണ്‍സാണ് കോഹ്ലി ടെസ്റ്റില്‍ നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും, രാഹുല്‍ ദ്രാവിഡിനും, സുനില്‍ ഗവാസ്‌കറിനും പിന്നിലായി നാലാമതാണ് കോഹ്ലി.