IPL 2025: ജോണി ബെയർസ്റ്റോ മുതൽ കുശാൽ മെൻഡിസ് വരെ; ഐപിഎലിലെ പകരക്കാർ
IPL Replacement Players List: ഈ സീസണിൽ പല ടീമുകളും പകരക്കാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎലിലെ 10 ദിവസത്തെ ഇടവേള ടീമുകൾക്ക് കനത്ത തിരിച്ചടിയാണ്. ഈ അവസരത്തിലാണ് പകരക്കാരെത്തുക.
പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് ഐപിഎൽ താത്കാലികമായി നിർത്തിവച്ചത് ടീമുകൾക്ക് കനത്ത തിരിച്ചടിയായിരുന്നു. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎൽ പുനരാരംഭിച്ചപ്പോൾ പല താരങ്ങൾക്കും ഷെഡ്യൂൾ പ്രശ്നങ്ങളുണ്ടായി. നേരത്തെ തീരുമാനിച്ചതിന് പ്രകാരം ഐപിഎൽ അവസാനിച്ചതിന് ശേഷം കളിക്കേണ്ട രാജ്യാന്തര മത്സരങ്ങൾ പുതിയ ഷെഡ്യൂളിൽ പ്ലേ ഓഫ് മത്സരങ്ങൾക്കിടെയാണ്. അതുകൊണ്ട് തന്നെ വിദേശതാരങ്ങൾ പലരും പ്ലേ ഓഫ് കളിക്കില്ല. ഇവർക്ക് പകരം താരങ്ങളെ ടീമുകൾ എത്തിച്ചിട്ടുണ്ട്.
പഞ്ചാബ് കിംഗ്സ്
പരിക്കേറ്റ് പുറത്തായ രണ്ട് താരങ്ങളാണ് പഞ്ചാബ് നിരയിലുള്ളത്. ലോക്കി ഫെർഗൂസനും ഗ്ലെൻ മാക്സ്‌വെലും. കിവീസ് താരമായ ഫെർഗൂസന് പകരം മറ്റൊരു കിവി കെയിൽ ജമീസണും ഓസീസ് താരം മാക്സ്‌വലിന് പകരം മറ്റൊരു ഓസി മൈക്കൽ ഓവനും പഞ്ചാബിൽ കളിക്കും.
ഗുജറാത്ത് ടൈറ്റൻസ്
ഇംഗ്ലണ്ടിൻ്റെ പരിമിത ഓവർ മത്സരങ്ങൾക്കായി ടീം വിടുന്ന ജോസ് ബട്ട്ലറിന് പകരം പ്ലേ ഓഫിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസ് കളിക്കും. ന്യൂസീലൻഡിൻ്റെ ഗ്ലെൻ ഫിലിപ്സിന് പകരം ശ്രീലങ്കൻ താരം ദസുൻ ശാനകയും ഗുജറാത്തിലെത്തി.




ലഖ്നൗ സൂപ്പർ ജയൻ്റ്സ്
പരിക്കേറ്റ് പുറത്തായ മായങ്ക് യാദവിന് പകരം ന്യൂസീലൻഡ് പേസർ വില്ല്യം ഒറൂർകെ ടീമിലെത്തി.
മുംബൈ ഇന്ത്യൻസ്
ഇംഗ്ലണ്ട് താരം വിൽ ജാക്ക്സും ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടണുമാണ് രാജ്യാന്തര മത്സരങ്ങൾക്കായി പോകുന്ന മുംബൈ താരങ്ങൾ. പകരം ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോയും റിച്ചാർഡ് ഗ്ലീസണുമാണ് കളിക്കുക.
Also Read: IPL 2025: ബുംറയ്ക്ക് ഇതും വശമുണ്ടോ?; നെറ്റ്സിൽ വെടിക്കെട്ട് ബാറ്റിംഗുമായി താരം: വിഡിയോ
ഡൽഹി ക്യാപിറ്റൽസ്
സീസണിൽ ഇനി കളിക്കേണ്ടെന്ന് തീരുമാനിച്ച ഓസീസ് താരം ജേക്ക് ഫ്രേസർ മക്കർക്കിന് പകരം ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനാണ് ടീമിലെത്തിയത്.
ഡൽഹിയുടെ തന്നെ മിച്ചൽ സ്റ്റാർക്ക് സീസണിൽ കളിക്കില്ല. ലഖ്നൗവിൻ്റെ എയ്ഡൻ മാർക്രം പ്ലേ ഓഫിൽ ഉണ്ടാവില്ല. ഇവർക്കൊക്കെ പകരക്കാരെ ഇനി കണ്ടെത്തേണ്ടതുണ്ട്.