IPL 2025: ഒന്നും നഷ്ടപ്പെടാനില്ലാതെ രാജസ്ഥാന്‍ റോയല്‍സ്; ചെറിയ ഇടവേളയ്ക്ക് വലിയ തിരിച്ചുവരവുമായി സഞ്ജു
IPL 2025 RR vs PBKS: സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നുവെന്നതാണ് സവിശേഷത. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ സഞ്ജുവിന് പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ല

ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് ഒന്നും പേടിക്കാനുമില്ല. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനും, ആരാധകര്‍ക്കും പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എങ്കിലും സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്ന റോയല്‍സിന് തലയുയര്‍ത്തി മടങ്ങാനുള്ള അവസരമാണ് ഈ പോരാട്ടങ്ങള്‍. വൈകിട്ട് 3.30ന് റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം. 12 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് റോയല്‍സ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. പ്ലേ ഓഫ് പോരാട്ടത്തില്‍ നിന്ന് ടീം നേരത്തെ തന്നെ പുറത്തായിരുന്നു.
അവസാന ഓവറില്‍ കൈവിട്ട മൂന്ന് മത്സരങ്ങളാണ് ഈ സീസണില്‍ രാജസ്ഥാന്റെ വിധി നിര്‍ണയിച്ചത്. ആ മത്സരങ്ങളില്‍ വിജയിക്കാനായിരുന്നെങ്കില്‍ ഇന്ന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ റോയല്‍സിനും സാധിക്കുമായിരുന്നു.
ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെയെങ്കിലും റോയല്‍സ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കാം. ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെയെങ്കിലും റോയല്‍സ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കാം. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരം ലുഹാന്‍ ഡ്രെ പ്രിട്ടോറിയസിനെയും, സന്ദീപ് ശര്‍മയ്ക്ക് പകരം നാന്ദ്രെ ബര്‍ഗറെയും റോയല്‍സ് ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റ പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമിലുണ്ടാകില്ല. താരത്തിന് പകരക്കാരെ റോയല്‍സ് കണ്ടെത്തിയിട്ടില്ല.




സഞ്ജുവിന്റെ തിരിച്ചുവരവ്
അതേസമയം, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നുവെന്നതാണ് സവിശേഷത. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ സഞ്ജുവിന് പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ല.
താന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായി സഞ്ജു വ്യക്തമാക്കി. പരിക്ക് നിരാശപ്പെടുത്തിയിരുന്നതായും താരം തുറന്നുപറഞ്ഞു. ഡഗൗട്ടില്‍ നിന്ന് കളികള്‍ കാണുന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. നിര്‍ണായക മത്സരങ്ങള്‍ നഷ്ടമായതും പ്രയാസപ്പെടുത്തി. ടീം തോല്‍ക്കുന്നത് കാണുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇതെല്ലാം കരിയറിന്റെ ഭാഗമാണെന്നും സഞ്ജു പറഞ്ഞു.