Anto Augustine: ‘മെസി വരില്ലെന്നത് മാധ്യമസൃഷ്ടി, ആകാശത്ത് നിന്നുണ്ടാക്കി പറയരുത്’
Anto Agustin's response on whether Lionel Messi will come to Kerala: അടുത്ത ലോകകപ്പ് കഴിഞ്ഞതിന് ശേഷം അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ല. ഈ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വരാനാകില്ലെന്ന് ഒഫീഷ്യലായി പറഞ്ഞിട്ടില്ല. 2026-ലേക്ക് ഓക്കെയാണെങ്കില്‍ സൈന്‍ ചെയ്യാന്‍ പറഞ്ഞ് എഗ്രിമെന്റ് അയച്ചുതന്നിട്ടുണ്ടെന്നും ആന്റോ
കൊച്ചി: മാധ്യമങ്ങള്‍ ഏത് അര്‍ത്ഥത്തിലാണ് അര്‍ജന്റീന ടീം വരില്ലെന്ന് വാര്‍ത്ത കൊടുക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. ഇത് മാധ്യമസൃഷ്ടിയാണ്. വരില്ലെങ്കില്‍ അത് അര്‍ജന്റീന ടീം സ്ഥിരീകരിക്കണം. കേരളത്തിലെ ആരാധകര്‍ക്കിടയില്‍ മാധ്യമങ്ങള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കരുത്. ആകാശത്ത് നിന്നുണ്ടാക്കി പറയരുത്. വരില്ലെങ്കില്‍ അര്‍ജന്റീന ടീം തന്നെയോ സര്‍ക്കാരിനെയോ അറിയിക്കണം. അത് നിങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
”മെസി വരില്ലെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ? അവര്‍ വരില്ലെന്ന് ഒഫീഷ്യലായി അറിയിച്ചാല്‍ അത് തന്റേടത്തോടെ എല്ലാവരോടും പറയും. റിപ്പോര്‍ട്ടര്‍ ടിവി എഗ്രിമെന്റ് വച്ച് കാലം മുതല്‍ മെസി വരില്ലെന്നാണ് പ്രചരിപ്പിക്കുന്നത്. അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?”-ആന്റോ അഗസ്റ്റിന്‍ ചോദിച്ചു.
2026 സെപ്തംബറില്‍ മത്സരം തരുന്നതിന്റെ അഭിപ്രായം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ചോദിച്ചു. അതില്‍ ഒരു അഭിപ്രായവുമില്ല. എഎഫ്‌ഐയുമായി കരാര്‍ വെച്ചിരിക്കുന്നത് 2025 ഒക്ടോബര്‍, നവംബര്‍ മാസത്തേക്കാണ്. അതിനാവശ്യമായ പണമാണ് അയച്ചിരിക്കുന്നത്. പണമടച്ച കാര്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും, ആര്‍ബിഐയെയും അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ മത്സരം തരാമെന്ന് പറഞ്ഞതുമാണ്. അടുത്ത ലോകകപ്പ് കഴിഞ്ഞതിന് ശേഷം അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ല. അതിന് മുമ്പ് കൊണ്ടുവരാനാണ് താല്‍പര്യമെന്നും ആന്റോ വ്യക്തമാക്കി.




ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനം പോലെയാണ് തങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ലോകത്തിലെ പ്രശസ്തമായ പാട്ടുകാരെയും, എയര്‍ഷോയും ഉള്‍ക്കൊള്ളിച്ചുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. ഇവരുടെ കണ്‍ഫര്‍മേഷന് കിട്ടിയശേഷമാണ് പണമടച്ചത്. ഈ പണം കിട്ടിയ ശേഷം അടുത്ത ലോകകപ്പ് കഴിയട്ടേയെന്ന് പറയുന്നതില്‍ ധാരണാപ്രശ്‌നമുണ്ട്. അത് കരാറിന്റെ ലംഘനമാണെന്നും ആന്റോ അഗസ്റ്റിന്‍ വിമര്‍ശിച്ചു.
അത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വരാനാകില്ലെന്ന് ഒഫീഷ്യലായി പറഞ്ഞിട്ടില്ല. 2026-ലേക്ക് ഓക്കെയാണെങ്കില്‍ സൈന്‍ ചെയ്യാന്‍ പറഞ്ഞ് എഗ്രിമെന്റ് അയച്ചുതന്നിട്ടുണ്ട്. നമുക്ക് അത് ഓക്കെയല്ല. അത് പ്രായോഗികമായി സാധ്യവുമല്ല. വരില്ലെങ്കില്‍ വരില്ല എന്ന് പറയണം. പക്ഷേ, അത് പറഞ്ഞിട്ടില്ലെന്നും ആന്റോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.