‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അർജന്റീന- സ്പെയിൻ പോരാട്ടം
Argentina vs Spain Finalissima: വീണ്ടും ഒരു അർജന്റീന - സ്പെയിൻ പോരാട്ടത്തിന് കളമൊരുക്കി ഫൈനലിസിമ നവംബറിൽ ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ സ്പെയിൻ ആണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാർ അർജന്റീനയും. അതിനാൽ ഇരു ടീമുകളും തമ്മിലാണ് 'ഫൈനലിസിമ' പോരാട്ടം നടക്കുക.

Argentina Vs Spain Finalissima
”കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല” എന്ന് നാം കേട്ടിട്ടുണ്ടാകും. ലോകകപ്പ് ഫൈനൽ തോൽവിയെത്തുടർന്ന് മെസി അടക്കമുള്ള താരങ്ങളുടെയും ആയിരക്കണക്കിന് അർജന്റീന ആരാധകരുടെയും കണ്ണിൽ നിന്ന് വീണ കണ്ണീരിന് കണക്ക് ചോദിക്കാൻ കാലം ഒരു അവസരം ഒരുക്കാൻ പോകുന്നു. വീണ്ടും ഒരു അർജന്റീന – സ്പെയിൻ പോരാട്ടത്തിന് കളമൊരുക്കി ഫൈനലിസിമ (Finalissima) നവംബറിൽ ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ഈ മത്സരം അർജന്റീനയ്ക്ക് ഒരു അവസരം ഒരുക്കും എന്ന് ആരാധകർ വിശ്വസിക്കുന്നു.
ഫൈനലിസിമ
യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA -യും തെക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ CONMEBOL -യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര മത്സരമാണ് ഫൈനലിസിമ. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ഏറ്റവും മികച്ച ചാമ്പ്യന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന ഈ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇക്കൊല്ലം അണിനിരക്കുന്നത് സ്പെയിനും അർജന്റീനയുമാണ്.
Also Read: സഞ്ജുവിനെയും വൈഭവിനെയും നശിപ്പിച്ചു, ഇനി രാഹുൽ! ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് മുൻ സെലക്ടർ?
നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ സ്പെയിൻ ആണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാർ അർജന്റീനയും. അതിനാൽ ഇരു ടീമുകളും തമ്മിലാണ് ‘ഫൈനലിസിമ’ പോരാട്ടം നടക്കുക. നേരത്തെ മാർച്ച് 27-ന് ഖത്തറിൽ വെച്ച് ഈ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കണക്കിലെടുത്ത് മത്സരം റദ്ദാക്കുകയായിരുന്നു.
ഇപ്പോൾ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ഫൈനലിസിമ മത്സരത്തിന്റെ പുതിയ തിയതി സംബന്ധിച്ച ചർച്ചകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ വർഷം നവംബറിൽ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ വച്ച് ഫൈനലിസിമ മത്സരം നടന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഈ വർഷം തന്നെ ഈ മത്സരം നടത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ തന്നെ ഫൈനലിസിമയിൽ വീണ്ടും ഏറ്റുമുട്ടുന്നു എന്നത് ഈ മത്സരത്തിന്റെ പ്രാധാന്യം പലമടങ്ങ് വർധിപ്പിച്ചിരിക്കുന്നു. ലോകകപ്പിലെ തോൽവിക്ക് കണക്ക് തീർക്കാൻ അർജന്റീനയ്ക്ക് ഇത് ഒരു സുവർണാവസരമാണ് എന്ന് ചിലർ വിശ്വസിക്കുന്നു. അതേസമയം ശക്തരായ സ്പെയിൻ ഇവിടെയും ജയിച്ച് തങ്ങളുടെ അജയ്യത ലോകത്തിന് കാട്ടിക്കൊടുക്കും എന്ന് സ്പെയിൻ ആരാധകർ വിശ്വസിക്കുന്നു. കൂടാതെ മെസി- ലാമിൻ യമാൽ പോരാട്ടവും വീണ്ടും കാണാനായേക്കും.
ലോകകപ്പ് ഫൈനലിന്റെ അവസാനം നടന്ന കൂട്ട ഇടി ഉൾപ്പെടെയുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഫൈനലിസിമ ഏറെ കാണികളെ ആകർഷിക്കും എന്ന് കരുതപ്പെടുന്നു. എന്നാൽ ലോകകപ്പ് തോൽവിയിൽ മനസുടഞ്ഞ ഇതിഹാസ താരം ലയണൽ മെസി തന്റെ ഭാവി പരിപാടികൾ സംബന്ധിച്ച് ഇതുവരെ മനസ് തുറന്നിട്ടില്ല. മെസി ഉടൻ വിരമിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ പലതും അവകാശപ്പെടുന്നത്.
ലയണൽ മെസിയുടെ നേതൃത്വത്തിലാണ് അർജന്റീന ഫൈനലിസിമയിൽ സ്പെയിനെതിരേ ഇറങ്ങുന്നത് എങ്കിൽ കളിയുടെ ആവേശം ഇരട്ടിയാകും. ലോകകപ്പിൽ കണ്ടതുപോലെ തന്നെ അർജന്റീന ഒരു വശത്തും അർജന്റീന വിരുദ്ധർ മറുവശത്തുമായി അണിനിരക്കും. ഫൈനലിസിമയിൽ നിലവിലെ ചാമ്പ്യൻ അർജന്റീനയാണ് എന്ന പ്രത്യേകതയുണ്ട്. ‘ആർടെമിയോ ഫ്രാഞ്ചി കപ്പ് എന്ന പേരിലാണ് നേരത്തെ ഈ മത്സരം നടന്നിരുന്നത്. 1985, 1993 വർഷങ്ങളിൽ ആണ് ഇത് നടന്നത്.
1993 ന് ശേഷം മുടങ്ങിപ്പോയ ആർടെമിയോ ഫ്രാഞ്ചി കപ്പ് 2022-ലാണ് ‘ഫൈനലിസിമ’ എന്ന പേരിൽ പുനരാരംഭിച്ചത്. 2022 ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിസിമ മത്സരത്തിൽ ഇറ്റലിയെ 3-0 ന് തോൽപ്പിച്ച് അർജന്റീന പ്രഥമ ഫൈനലിസിമ കിരീടം നേടുകയായിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം, ലോകകപ്പിൽ തങ്ങളെ പരാജയപ്പെടുത്തിയ സ്പെയിനെ തന്നെ തകർത്തുകൊണ്ട് കിരീട നേട്ടം ആവർത്തിക്കാനാകും അർജന്റീന ശ്രമിക്കുക.
English Summary
New reports suggest that the Finalissima could take place in November, setting the stage for another Argentina-Spain clash. The current European champions are Spain. Argentina are also the Copa America champions. Therefore, the ‘Finalissima’ will be fought between the two teams. Argentina are the first Finalissima winners of 2022.