Asian Games 2026: വനിതാ ടീം പൊളിയല്ലേ! കബഡിയില്‍ ഇറാനെ തുരത്തി; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
India defeats Iran 37-34 for Asian games women's kabaddi gold: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. വനിതാ കബഡി ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സ്വര്‍ണം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമെഡലോടെ ജൈത്രയാത്ര പൂര്‍ത്തിയാക്കിയത്.

സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ സന്തോഷപ്രകടനം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. വനിതാ കബഡി ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സ്വര്‍ണം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമെഡലോടെ ജൈത്രയാത്ര പൂര്‍ത്തിയാക്കിയത്. ഐച്ചി-നഗോയയിലെ ടോക്കായ് സിറ്റിസൺ ജിംനേഷ്യത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ 37-34 എന്ന സ്‌കോറിനാണ് ഇന്ത്യ ഇറാനെ തകര്‍ത്തത്. വനിതാ ക്രിക്കറ്റ് ടീമാണ് ജപ്പാനില്‍ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യം സ്വര്‍ണം നേടിയത്. തുടര്‍ന്ന് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗ് ഫോഗട്ടും കമൽജീതും ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഇതിന് പിന്നാലെയാണ്, വനിതാ കബഡിടീമിന്റെ സുവര്‍ണനേട്ടം.
ടൂര്‍ണമെന്റിലെ പൂള്‍ എ മത്സരങ്ങളില്‍ ബംഗ്ലാദേശിനെയും, ജപ്പാനെയും ഇന്ത്യ തകര്‍ത്തിരുന്നു. 2010 മുതലാണ് ഏഷ്യന്‍ ഗെയിംസില്‍ വനിതാ കബഡി ഒരു ഇനമായി ഉള്‍പ്പെടുത്തിയത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ മാത്രമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനാകാത്തത്. അന്ന് രണ്ടാമതായാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. മറ്റെല്ലാം എഡിഷനുകളിലും ഇന്ത്യ തന്നെയാണ് സ്വര്‍ണം നേടിയിട്ടുള്ളത്.
ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യ സ്വന്തമാക്കുന്ന പന്ത്രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്. ഇന്ത്യന്‍ പുരുഷ ടീം ഇതുവരെ എട്ട് തവണ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ ഇന്ത്യയും ഇറാനും ഏറ്റുമുട്ടും.
കടുത്ത പോരാട്ടത്തില്‍ സ്വര്‍ണം
ഇറാന്റെ കടുത്ത പ്രതിരോധം അതിജീവിച്ചാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം നേടിയത്. സഞ്ജു ദേവി, നികിത, പൂജ തുടങ്ങിയവർ റെയ്ഡ് പോയിന്റുകൾ നേടി. ആദ്യ പകുതിയില്‍ 22-16 എന്ന സ്‌കോറിന് ഇന്ത്യ ലീഡ് നിലനിര്‍ത്തി. രണ്ടാം പകുതിയിൽ ഇറാൻ്റെ ആക്രമണ നീക്കങ്ങളിൽ ഭൂരിഭാഗവും സാനിയ നയിമിയുടെ റെയ്ഡുകളിലൂടെയായിരുന്നുവെങ്കിലും, ഇന്ത്യയെ ‘ഓൾ ഔട്ട്’ ചെയ്യാൻ കഴിയാതിരുന്നത് അവർക്ക് തിരിച്ചടിയായി.
Also Read: Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം
20 മിനിറ്റ് നീണ്ട രണ്ടാം പകുതിയിലുടനീളം ഇന്ത്യ അഞ്ച് പോയിൻ്റിൻ്റെ ലീഡ് നിലനിർത്തി. എന്നാല്‍ മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റോളം മാത്രം ബാക്കിനില്‍ക്കെ അറ്റേന മദാദിയുടെ മികവില്‍ ഇറാന്‍ ആദ്യമായി ‘ഓള്‍ ഔട്ട്’ നേടുകയും പോയിന്റ് വ്യത്യാസം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ റെയ്ഡിംഗ്, ഡിഫന്‍ഡിംഗ് താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തുകയും, സ്വര്‍ണം സ്വന്തമാക്കുകയും ചെയ്തു.
English Summary
Indian women’s kabaddi team won the gold medal at the Asian Games 2026. India defeated Iran by a margin of 37-34 in the final. This victory marked India’s third gold medal of the ongoing Asin Games.