അച്ഛന് ഇഷ്ടം ‘വലിയ’ സെഞ്ചുറികള്‍ മാത്രം; സെവാഗിന് നല്കിയ വാക്കു പാലിച്ചതിന്റെ സന്തോഷത്തില്‍ മകന്
Aaryavir Sehwag U-19 Asia Cup Century: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ സെഞ്ചുറി പിതാവ് വീരേന്ദര്‍ സെവാഗിന് സമര്‍പ്പിച്ച് മകന് ആര്യവീര്‍. യുഎഇയ്ക്കെതിരായ മത്സരത്തില്‍ 168 പന്തില്‍ 160 റണ്‍സാണ് ആര്യവീര്‍ അടിച്ചുകൂട്ടിയത്. 17 ഫോറും, ഏഴ് സിക്സും അടങ്ങുന്നതായിരുന്നു പ്രകടനം.
അണ്ടര്‍ 19 ഏഷ്യാ കപ്പിലെ കന്നി സെഞ്ചുറി പിതാവ് വീരേന്ദര്‍ സെവാഗിന് സമര്‍പ്പിച്ച് മകന് ആര്യവീര്‍. യുഎഇയ്ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി കളിച്ച ആര്യവീര്‍ 168 പന്തില്‍ 160 റണ്‍സാണ് അടിച്ചുകൂട്ടിയത്. 17 ഫോറും, ഏഴ് സിക്സും അടങ്ങുന്നതായിരുന്നു പ്രകടനം. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ താരം നേടുന്ന കന്നി സെഞ്ചുറിയാണിത്. ആര്യവീറാണ് കളിയിലെ താരം. ആര്യവീറിന്റെ ബാറ്റിങ് മികവില്‍ യുഎഇയെ 70 റണ്‍സിന് തോല്പിച്ച് ഇന്ത്യ സെമിയിലെത്തി. ഇന്ന് വലിയ സ്കോര്‍ നേടുമെന്ന് താന്‍ പിതാവിന് വാക്ക് കൊടുത്തിരുന്നെന്നും, അത് പാലിച്ചെന്നും താരം വ്യക്തമാക്കി.
“ഇന്ന് വലിയൊരു സ്കോർ നേടുമെന്ന് ഞാൻ ഒരാൾക്ക് വാക്ക് നൽകിയിരുന്നു, ഭാഗ്യവശാൽ എനിക്കത് സാധിച്ചു. അത് മറ്റാരുമല്ല, എന്റെ അച്ഛനാണ്. വലിയൊരു സെഞ്ച്വറി നേടുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. അച്ഛന് വലിയ സെഞ്ച്വറികൾ മാത്രമേ ഇഷ്ടമുള്ളൂ, അതുകൊണ്ട് ആ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്”-ആര്യവീർ പറഞ്ഞു.
ബാറ്റിങിന് അത്ര എളുപ്പമല്ലാത്ത പിച്ചായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. തുടക്കത്തിൽ സാവധാനം കളിച്ച്, നിലയുറപ്പിച്ച ശേഷം വേഗത കൂട്ടാനായിരുന്നു തന്റെ പദ്ധതിയെന്നും ആര്യവീർ സെവാഗ് കൂട്ടിച്ചേര്‍ത്തു.
വിക്കറ്റിൽ പന്തിന് അല്പം ടേൺ ഉണ്ടായിരുന്നു. ഇന്നിങ്സ് തുടങ്ങി കഴിഞ്ഞപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് 40-ലേറെ ഓവറുകൾ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. വിക്കറ്റിൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഡോട്ട് ബോളുകളെക്കുറിച്ച് വേവലാതിപ്പെട്ടില്ല. പിന്നീട് റൺസ് കണ്ടെത്തി തിരിച്ചെത്താൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും മത്സരശേഷം ആര്യവീര്‍ പ്രതികരിച്ചു.
രണ്ട് വർഷം മുമ്പ്, കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയ അണ്ടർ-19 ടീമിനെതിരെ പുറത്തെടുത്ത പ്രകടനത്തോടെയാണ് ആര്യവീര്‍ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ഡല്‍ഹിക്കു വേണ്ടി കളിച്ച ആര്യവീര്‍ 297 റണ്‍സ് നേടിയിരുന്നു. അന്ന് മകനെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗ് പങ്കുവെച്ച ട്വീറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സെവാഗ് അന്ന് പങ്കുവെച്ച ട്വീറ്റ്:
Well played @aaryavirsehwag . Missed a Ferrari by 23 runs. But well done, keep the fire alive and may you score many more daddy hundreds and doubles and triples. Khel jaao.. https://t.co/4sZaASDkjx
— Virrender Sehwag (@virendersehwag) November 22, 2024
“നന്നായി കളിച്ചു. 23 റൺസിന് ഫെരാരി നഷ്ടമായി. എങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ആവേശം കെടാതെ സൂക്ഷിക്കൂ. ഇനിയും ഒരുപാട് ‘ഡാഡി ഹണ്ട്രഡുകളും’, ഡബിൾ സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും നേടാൻ സാധിക്കട്ടെ. തകർത്ത് കളിക്കൂ”-എന്നാണ് 2024 നവംബര്‍ 22-ന് സെവാഗ് പങ്കുവെച്ച ട്വീറ്റ്.
English Summary
Aaryavir Sehwag scored his maiden Under-19 Asia Cup century against UAE. His 160-run knock helped India win by 70 runs and reach the semifinals. He dedicated his player-of-the-match performance to his father, Virender Sehwag.