Asia Cup 2025: ഒമര്‍സായിയും, അടലും മിന്നിച്ചു, ഹോങ്കോങിനെതിരെ അഫ്ഗാന് മികച്ച സ്‌കോര്‍
Asia Cup 2025 Afghanistan vs Hong Kong: സെദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഒമര്‍സായിയുടെയും ബാറ്റിങ് കരുത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. അഫ്ഗാന്റെ ടോപ് സ്‌കോററായ ഓപ്പണര്‍ അടല്‍ പുറത്താകാതെ 52 പന്തില്‍ 73 റണ്‍സെടുത്തു. ഒമര്‍സായി 21 പന്തില്‍ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്
അബുദാബി: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങിനെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. സെദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഒമര്‍സായിയുടെയും ബാറ്റിങ് കരുത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. അഫ്ഗാന്റെ ടോപ് സ്‌കോററായ ഓപ്പണര്‍ അടല്‍ പുറത്താകാതെ 52 പന്തില്‍ 73 റണ്‍സെടുത്തു. ഒമര്‍സായി 21 പന്തില്‍ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അപകടകാരിയായ ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെ പുറത്താക്കി ആയുഷ് ശുക്ല ഹോങ്കോങിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്താണ് ഗുര്‍ബാസ് മടങ്ങിയത്. അഫ്ഗാന്റെ ടോപ് ഓര്‍ഡറിലെ വിശ്വസ്തനായ ഇബ്രാഹിം സദ്രാനെ നിലയുറപ്പിക്കാനും ഹോങ്കോങ് ബൗളര്‍മാര്‍ അനുവദിച്ചില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത സദ്രാനെ അതീഖ് ഇഖ്ബാല്‍ പുറത്താക്കി.
പ്രധാന രണ്ട് ബാറ്റര്‍മാരെ നഷ്ടപ്പെട്ടത് ക്ഷീണമായെങ്കിലും ഓപ്പണര്‍ സെദിഖുള്ള അടലും, ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും അഫ്ഗാനെ കര കയറ്റാന്‍ ശ്രമിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.




26 പന്തില്‍ 33 റണ്‍സെടുത്ത നബിയെ പുറത്താക്കി കിഞ്ചിത് ഷായാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ ഗുല്‍ബാദിന്‍ നയിബും കിഞ്ചിത് ഷായ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എട്ട് പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ നായിബിന് സാധിച്ചുള്ളൂ.
നായിബ് മടങ്ങുമ്പോള്‍ 13 ഓവറില്‍ നാല് വിക്കറ്റിന് 95 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. തുടര്‍ന്നാണ് അഫ്ഗാനിസ്ഥാന്‍ കാത്തിരുന്ന കൂട്ടുക്കെട്ട് പിറന്നത്. ഫോമിലേക്ക് തിരികെയെത്തിയ അസ്മത്തുള്ള ഒമര്‍സായിയും, ഓപ്പണര്‍ സെദിഖുല്ല അടലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ അഫ്ഗാന്റെ സ്‌കോറിങ് കുതിച്ചു.
അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ ഒമര്‍സായി പുറത്തായി. അഞ്ച് സിക്‌സറും, രണ്ട് ഫോറും അടിച്ച താരം ആയുഷ് ശുക്ലയുടെ പന്തില്‍ ഔട്ടാവുകയായിരുന്നു. പിന്നാലെ ബാറ്റിങ് എത്തിയ കരിം ജനത് മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. എഹ്‌സാന്‍ ഖാനായിരുന്നു വിക്കറ്റ്. അടലിനൊപ്പം, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (മൂന്ന് പന്തില്‍ ഒന്ന്) പുറത്താകാതെ നിന്നു. ഹോങ്കോങിനായി ആയുഷ് ശുക്ലയും, കിഞ്ചിത് ഷായും രണ്ട് വിക്കറ്റ് വീതവും, അതീഖ് ഇഖ്ബാലും, എഹ്‌സന്‍ ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.