Asia Cup 2025: അബ്റാറിൻ്റെ വിക്കറ്റ് ആഘോഷം; സഞ്ജുവിനായി പകരം വീട്ടിയത് ടീം അംഗങ്ങൾ: വിഡിയോ
Indian Team Avenging For Sanju Samson: അബ്റാർ അഹ്മദിൻ്റെ വിക്കറ്റാഘോഷത്തിന് ഇന്ത്യൻ ടീമിൻ്റെ മറുപടി. സഞ്ജുവിൻ്റെ വിക്കറ്റ് എടുത്ത് അബ്റാർ നടത്തിയ ആഘോഷത്തിനാണ് ഇന്ത്യൻ ടീം മറുപടി നൽകിയത്.
മലയാളി താരം സഞ്ജു സാംസണിനായി പകരം വീട്ടിയത് ടീം അംഗങ്ങൾ. സഞ്ജുവിൻ്റെ വിക്കറ്റ് വീഴ്ത്തിയ പാകിസ്താൻ സ്പിന്നർ അബ്റാർ അഹ്മദിൻ്റെ ആഘോഷത്തിനാണ് അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, ജിതേഷ് ശർമ്മ എന്നിവർ ചേർന്ന് മറുപടി നൽകിയത്. ഇതിൻ്റെ വിഡിയോ അഭിഷേക് ശർമ്മ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു.
നേരത്തെയും തൻ്റെ വിക്കറ്റാഘോഷത്തിലൂടെ വിവാദത്തിലായിട്ടുള്ള താരമാണ് അബ്റാർ. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ശുഭ്മൻ ഗില്ലിൻ്റെ വിക്കറ്റ് വീഴ്ത്തിയ അബ്റാർ ഇതേ ആഘോഷം നടത്തിയിരുന്നു. കൈ പിണച്ചുകെട്ടി തലകൊണ്ട് ‘പോ’ എന്ന് ആംഗ്യം കാണിക്കുന്നതാണ് അബ്റാറിൻ്റെ ആഘോഷം. ഇതേ ആഘോഷമാണ് സഞ്ജു പുറത്തായപ്പോഴും അബ്റാർ നടത്തിയത്.




കളി വിജയിച്ചതിന് ശേഷം ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ജിതേഷ് ശർമ്മ എന്നിവർ ചേർന്ന് ഇതേ ആഘോഷം നടത്തുകയായിരുന്നു. സഞ്ജുവിനെ ഒപ്പം കൂട്ടിയായിരുന്നു ആഘോഷം. മത്സരത്തിൽ മൂന്ന് വിക്കറ്റിന് 20 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ തിലക് വർമ്മയ്ക്കൊപ്പം ചേർന്ന് തകർച്ചയിൽ നിന്ന് കരകയറ്റിയ ശേഷമാണ് സഞ്ജു പുറത്തായത്. 21 പന്തിൽ 24 റൺസ് നേടിയ സഞ്ജു അബ്റാറിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ സഹിബ്സാദ ഫർഹാൻ പിടികൂടി പുറത്താവുകയായിരുന്നു. 57 റൺസാണ് സഞ്ജുവും തിലകും ചേർന്ന് നാലാം വിക്കറ്റിൽ കണ്ടെത്തിയത്.
മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ ആവേശജയമാണ് ഇന്ത്യ കുറിച്ചത്. പാകിസ്താനെ 146 റൺസിന് എറിഞ്ഞിട്ട ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടിയപ്പോൾ തിലക് വർമ്മ 53 പന്തിൽ 69 റൺസെടുത്ത് പുറത്താവാതെ നിന്നു. 22 പന്തിൽ 33 റൺസ് നേടിയ ശിവം ദുബെയും തിളങ്ങി.
വിഡിയോ കാണാം
Harshit Rana, Arshdeep Singh, Jitesh Sharma & Sanju Samson, 😂🤣#INDvsPAK #IndiaVsPakistan #AsiaCupFinal pic.twitter.com/aoOye9s1Y7
— Vikash Patel (@vikash_patel9) September 28, 2025