Asia Cup 2025: പിസിബി ചെയർമാനിൽ നിന്ന് കപ്പ് വേണ്ട; കിരീടമില്ലാതെ കിരീടനേട്ടം ആഘോഷിച്ച് ഇന്ത്യൻ ടീം
Indian Team Refused To Collect Trophy: മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കാതെ ഇന്ത്യൻ ടീം. കിരീടമില്ലാതെയാണ് ഇന്ത്യ ആഘോഷിച്ചത്.

ഇന്ത്യൻ ടീം
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏറെ നേരം കാത്തുനിന്നിട്ടും കിരീടം സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ല. ഇതോടെ കിരീടമില്ലാതെയാണ് ഇന്ത്യ കിരീടനേട്ടം ആഘോഷിച്ചത്. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യ ജേതാക്കളായത്.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ നഖ്‌വി തന്നെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ. നഖ്‌വിയാണ് ജേതാക്കൾക്കുള്ള കിരീടം സമ്മാനിക്കുന്നതെങ്കിൽ ഇന്ത്യ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന ദൃശ്യങ്ങളാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കണ്ടത്. നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നത് പോലെ കിരീടം നൽകുന്ന ചുമതലയിൽ നിന്ന് നഖ്‌വിയും പിന്മാറിയില്ല. ഇതോടെ ജേതാക്കൾക്കുള്ള ട്രോഫി വിതരണം നടന്നില്ല. കപ്പ് സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ അമീനുൽ ഇസ്ലാമിൽ നിന്ന് പാകിസ്താൻ റണ്ണേഴ്സ് അപ്പ് ട്രോഫി സ്വീകരിച്ചു.
തിലക് വർമ്മ (കളിയിലെ താരം) അഭിഷേക് ശർമ്മ (ടൂർണമെൻ്റിലെ താരം), കുൽദീപ് യാദവ് (എംവിപി) എന്നിവർ സ്പോൺസർമാരിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു. എന്നാൽ, ജേതാക്കൾക്കുള്ള ട്രോഫിയോ മെഡലോ ഇന്ത്യൻ ടീം സ്വീകരിച്ചില്ല. കിരീടമില്ലാതെയാണ് ഇന്ത്യ പിന്നീട് ആഘോഷിച്ചത്.
കിരീടം നൽകാൻ എസിസി തയ്യാറാവാതിരുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിൽ എടുത്തുപറഞ്ഞു. “ക്രിക്കറ്റ് കളി ആരംഭിച്ചിട്ട് ഇതുവരെ ജേതാക്കൾക്ക് കിരീടം നൽകാതിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. കഷ്ടപ്പെട്ട് നേടിയ ട്രോഫിയാണിത്. എൻ്റെ ട്രോഫികൾ ഡ്രസിങ് റൂമിലുണ്ട്. 14 താരങ്ങൾ, സപ്പോർട്ട് സ്റ്റാഫുകൾ. അതാണ് ശരിക്കുള്ള ട്രോഫികൾ. അവരുമായുള്ള നല്ല മുഹൂർത്തങ്ങളാണ് ഞാൻ എന്നോടൊപ്പം കൊണ്ടുപോവുക.”- സൂര്യകുമാർ യാദവ് പറഞ്ഞു.