Asia Cup 2025: നിര്‍ണായക മത്സരത്തില്‍ കൂട്ടത്തകര്‍ച്ച നേരിട്ട് പാകിസ്ഥാന്‍; ബംഗ്ലാദേശിന് 136 റണ്‍സ് വിജയലക്ഷ്യം
Asia Cup 2025 Bangladesh vs Pakistan: നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് 136 റണ്‍സ് വിജയലക്ഷ്യം. ഫൈനല്‍ യോഗ്യത നിര്‍ണയിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. തുടക്കത്തില്‍ വന്‍ കൂട്ടത്തകര്‍ച്ചയാണ് പാകിസ്ഥാന്‍ നേരിട്ട
ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് 136 റണ്‍സ് വിജയലക്ഷ്യം. ഫൈനല്‍ യോഗ്യത നിര്‍ണയിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. തുടക്കത്തില്‍ വന്‍ കൂട്ടത്തകര്‍ച്ചയാണ് പാകിസ്ഥാന്‍ നേരിട്ടത്. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കി. നാല് റണ്‍സെടുത്താണ് ഫര്‍ഹാന്‍ മടങ്ങിയത്. രണ്ടാം ഓവറില്‍ സയിം അയൂബിനെ മഹെദി ഹസന്‍ പൂജ്യത്തിന് വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഇത് നാലാം തവണയാണ് അയൂബ് പൂജ്യത്തിന് പുറത്താകുന്നത്.
മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പാര്‍ട്ട്ണര്‍ഷിപ്പ് അധിക നേരം നീണ്ടുനിന്നില്ല. 20 പന്തില്‍ 13 റണ്‍സെടുത്ത സമാനെ വീഴ്ത്തി റിഷാദ് ഹുസൈന്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഹുസൈന്‍ തലാട്ടും റിഷാദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ തലാട്ടിന് സാധിച്ചുള്ളൂ.
ടി20യില്‍ ‘ഏകദിനം’ കളിച്ച സല്‍മാന്‍ കൂടി മടങ്ങിയതോടെ 11 ഓവറില്‍ അഞ്ച് വിക്കറ്റിന് 49 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. 23 പന്തില്‍ 19 റണ്‍സാണ് പാക് ക്യാപ്റ്റന്‍ നേടിയത്. ആറാം വിക്കറ്റില്‍ മുഹമ്മദ് ഹാരിസും, ഷഹീന്‍ അഫ്രീദിയും ചേര്‍ന്നാണ് പാകിസ്ഥാന് അല്‍പം ആശ്വാസം സമ്മാനിച്ചത്. പാകിസ്ഥാന്റെ ടോപ് സ്‌കോററായ ഹാരിസ് 23 പന്തില്‍ 31 റണ്‍സെടുത്തു. 13 പന്തില്‍ 19 റണ്‍സായിരുന്നു അഫ്രീദിയുടെ സമ്പാദ്യം.
ഹാരിസിനെ മഹെദിയും, അഫ്രീദിയെ ടസ്‌കിനും പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ മുഹമ്മദ് നവാസ്-15 പന്തില്‍ 25, ഫഹീം അഷ്‌റഫ്-പുറത്താകാതെ ഒമ്പത് പന്തില്‍ 14, ഹാരിസ് റൗഫ്-മൂന്ന് പന്തില്‍ മൂന്ന് നോട്ടൗട്ട് എന്നിവര്‍ ചേര്‍ന്ന് പാകിസ്ഥാനെ 135-ലെത്തിച്ചു. ബംഗ്ലാദേശിനു വേണ്ടി ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും, മഹെദി ഹസനും, റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതവും, മുസ്തഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലിട്ടണ്‍ ദാസിന്റെ അഭാവത്തില്‍ ജാക്കര്‍ അലിയാണ് ഇന്നും ബംഗ്ലാദേശിനെ നയിക്കുന്നത്. ജയിക്കുന്ന ടീമിന് ഫൈനലില്‍ ഇന്ത്യയെ നേരിടാം.