AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: കണ്ടടോ ഞാനാ വിന്റേജ് സഞ്ജുവിനെ; ആ ഫോറുകള്‍ക്ക് നൂറില്‍ 100 മാര്‍ക്ക്‌

Sanju Samson Returns to Vintage Form: സഞ്ജു സാംസണ്‍ പുറത്തെടുത്ത മാസ്റ്റര്‍ക്ലാസ് പ്രകടനമാണ് ചര്‍ച്ചാവിഷയം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ അടിമുടി മാറിയ സഞ്ജുവിനെയാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കണ്ടത്.

Sanju Samson: കണ്ടടോ ഞാനാ വിന്റേജ് സഞ്ജുവിനെ; ആ ഫോറുകള്‍ക്ക് നൂറില്‍ 100 മാര്‍ക്ക്‌
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Mar 2026 | 02:36 PM

സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്തെടുത്ത മാസ്റ്റര്‍ക്ലാസ് പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്ത താരം പുറത്താകാതെ 50 പന്തില്‍ 97 റണ്‍സാണ് അടിച്ചുകൂട്ടിയത്. 12 ഫോറുകളുടെയും, നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സഞ്ജു ബാറ്റിങ് ശൈലിയില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്നതാണ് ബൗണ്ടറികളുടെ ഈ കണക്ക്.

സമീപകാലത്ത് സഞ്ജുവിന്റെ ഏത് പ്രകടനമെടുത്താലും സിക്‌സറുകള്‍ ഫോറുകളെക്കാള്‍ കൂടുതലോ, അല്ലെങ്കില്‍ ഫോറുകളുടെ എണ്ണത്തിന് തൊട്ടടുത്തോ ആയിരിക്കും. തുടക്കം മുതല്‍ സഞ്ജു പുറത്തെടുക്കുന്ന അഗ്രസീവ് സമീപനമാണ് കാരണം. ചിലപ്പോള്‍ അത് ക്ലിക്കാകാം, അല്ലെങ്കില്‍ പരാജയപ്പെടാം. എന്തായാലും, റിസ്‌ക് ഏറെ കൂടുതലുള്ള ഈ ശൈലി അടുത്തകാലത്ത് സഞ്ജുവിന് സമ്മാനിച്ചത് വീഴ്ചകള്‍ മാത്രമായിരുന്നു.

ഐപിഎല്ലില്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത്, ഫോറുകള്‍ ഏറെ അടിച്ചുകൂട്ടുന്നതായിരുന്നു സഞ്ജുവിന്റെ ശൈലി. ക്ഷമയോടെ ക്രീസില്‍ ഉറച്ചുനിന്ന് ഗ്യാപുകള്‍ കണ്ടെത്തി ഫോറുകള്‍ അടിക്കാനുള്ള സഞ്ജുവിന്റെ മിടുക്ക് അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ക്രീസില്‍ നങ്കൂരമിട്ടതിനു ശേഷം മാത്രമായിരുന്നു സഞ്ജു അന്ന് സിക്‌സറുകള്‍ക്കായി കൂടുതലും ശ്രമിച്ചിരുന്നത്.

Also Read: Sanju Samson: നിന്ദിച്ചവർക്ക് നന്ദി! ഇതാണ് സഞ്ജു നിങ്ങള്‍ക്ക് കുറിച്ചുവച്ച മറുപടി; ഇന്ത ആട്ടം പോതുമാ

എന്നാല്‍ ആ ശൈലിയില്‍ പിന്നീട് കാതലായ മാറ്റം വന്നു, അല്ല, സഞ്ജു സ്വയം മാറ്റി എന്ന് പറയുന്നതാകും ശരി. 2017-ല്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനായി നേടിയ സെഞ്ചുറിക്ക് ശേഷമായിരുന്നു സഞ്ജു ആ മാറ്റത്തിന് പതിയെ തുടക്കമിട്ടത്.

ഏകദേശം 2020 മുതലാണ് സഞ്ജു ഫോറിനെക്കാള്‍ സിക്‌സറുകളെ കൂടുതലായി സ്‌നേഹിച്ച് തുടങ്ങിയത്. ആ ഗിയര്‍ ഷിഫ്റ്റിന്റെ മുഖമുദ്രയായിരുന്നു താരം അന്ന് മുതല്‍ ഗ്രൗണ്ടില്‍ കാണിച്ചു തുടങ്ങിയ ‘മസില്‍ സെലിബ്രേഷന്‍’.

സ്ഥിരതയില്ലായുടെ പേരില്‍ സഞ്ജു ഏറെ പഴി കേട്ടതിന് കാരണവും ഈ ശൈലിയായിരുന്നു. ഈ ശൈലി സഞ്ജുവിന് പലപ്പോഴും തിരിച്ചടിയായെങ്കിലും പൂര്‍ണമായി പരാജയപ്പെട്ടെന്ന് പറയാനാകില്ല. രാജ്യാന്തര ടി20യില്‍ സഞ്ജു നേടിയ മൂന്ന് സെഞ്ചുറികളിലും ഈ ശൈലി ഗുണം ചെയ്തിരുന്നു. ബംഗ്ലാദേശിനെതിരെ കന്നി സെഞ്ചുറി നേടിയ മത്സരത്തില്‍, റിഷാദ്‌ ഹൊസൈനെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പായിക്കാന്‍ സഞ്ജുവിനെ സഹായിച്ചതും ഈ ശൈലിയായിരുന്നു.

എന്നാല്‍ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന ഈ ശൈലിയാണ് 2025-ല്‍ ആദ്യം ഇംഗ്ലണ്ടിനെതിരെയും, അടുത്തിടെ നടന്ന കീവിസിനെതിരെയും നടന്ന പരമ്പരകളില്‍ സഞ്ജുവിന് തിരിച്ചടിയായത്. നമീബിയക്കെതിരെയും, സിംബാബ്‌വെയ്‌ക്കെതിരെയും വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാതെ സഞ്ജു പുറത്തായതും ഈ സ്റ്റൈല്‍ മൂലമായിരുന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ അടിമുടി മാറിയ സഞ്ജുവിനെയാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ കണ്ടത്. സിക്‌സറുകളെക്കാള്‍ ഫോറുകള്‍ അടിച്ചുകൂട്ടുന്ന തന്റെ വിന്റേജ് ശൈലി സഞ്ജു തിരികെ കൊണ്ടുവന്നതായിരുന്നു ഈ മത്സരത്തിലെ ഹൈലൈറ്റ്.

ഗ്യാപുകള്‍ കണ്ടെത്തി ഫോറുകള്‍ കണ്ടെത്തുന്നതിലും, മോശം പന്തുകളില്‍ മാത്രം സിക്‌സറുകളടിക്കുന്നതിലുമായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. അനാവശ്യമായി പന്ത് വായുവിലൂടെ ഉയര്‍ത്തി ഔട്ടാകുന്നതിനു പകരം, പന്ത് നിലംപറ്റിച്ച് അതിര്‍ത്തി കടത്തി താരം ഇന്ത്യയുടെ രക്ഷാകവചമായി. ബാക്ക്ഫൂട്ടില്‍ അമിതമായി ഇറങ്ങിയുള്ള സാഹസം താരം കുറച്ചെങ്കിലും ഉപേക്ഷിച്ചതും രക്ഷയായി. ഈ ശൈലിയില്‍ സഞ്ജു തുടരുമെന്നും, കണ്‍സിസ്റ്റന്‍സിയില്ലെന്ന വിമര്‍ശനം പാടെ ഒഴിവാക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Follow Us