Sanju Samson: സഞ്ജുവിനെ മൂന്നാം നമ്പറിലും കളിപ്പിക്കില്ലെന്നത് ആരുടെ വാശി? ടീമിന് വിനയാകുന്നത് അനാവശ്യ ‘പ്രിവിലേജു’കള്‍
Sanju Samson Selection Dilemma: എവിടെയും തഴയപ്പെടാന്‍ സഞ്ജു സാംസണ്‍ എന്തു തെറ്റു ചെയ്‌തെന്നാണ് ആരാധകരുടെ ന്യായമായ ചോദ്യം. മൂന്നാം നമ്പറില്‍ സാധ്യതകളുണ്ടായിട്ടും അവിടെയും തഴയപ്പെടുന്നു
‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി’ എന്ന അവസ്ഥയാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ നേരിടുന്നത്. എത്ര പരാജയപ്പെട്ടാലും ശുഭ്മാന്‍ ഗില്ലിന് ഓപ്പണറായി തുടര്‍ച്ചയായി അവസരം നല്‍കുകയെന്ന നയം ടീം മാനേജ്‌മെന്റ്
പിന്തുടരുന്നതിനാല്‍ സഞ്ജുവിന് ആ പൊസിഷനില്‍ സ്ഥാനമില്ല. ജിതേഷ് ശര്‍മയെ സഞ്ജുവിനെക്കാള്‍ മികച്ച ‘ഫിനിഷറാ’യി കാണുന്നതിനാല്‍ മിഡില്‍ ഓര്‍ഡറിലും താരത്തെ തഴഞ്ഞു. ഓപ്പണിങിലും, മിഡില്‍ ഓര്‍ഡറിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു നേരിടുന്ന നീതിനിഷേധം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഈ രണ്ട് പൊസിഷനുകളിലും സ്ഥാനമില്ലെങ്കില്‍ സഞ്ജുവിനെ വണ്‍ ഡൗണായി പരിഗണിച്ചുകൂടേയെന്ന് ചോദിച്ചാല്‍ അവിടെ സൂര്യകുമാര്‍ യാദവ് ഉണ്ടല്ലോയെന്നാകും മാനേജ്‌മെന്റിന്റെ ഉത്തരം. എന്നാല്‍ മൂന്നാം നമ്പറിലാണ് ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുന്നതെന്ന് സമീപകാല ടി20 മത്സരങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. മൂന്നാം നമ്പറില്‍ സൂര്യയ്ക്ക് പകരം ലോവര്‍ ഓര്‍ഡര്‍ താരങ്ങള്‍ ബാറ്റു ചെയ്യുന്നത് ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ പുത്തരിയല്ല.
പ്രോട്ടീസിനെതിരെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യാനെത്തിയത് അക്‌സര്‍ പട്ടേലായിരുന്നു. കാര്യമായൊന്നും ചെയ്യാനാകാതെ അക്‌സര്‍ മടങ്ങുകയും ചെയ്തു. ടോപ് ഓര്‍ഡറില്‍ ഇന്ത്യ ഇടയ്ക്കിടെ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും പാളുന്നതാണ് കാഴ്ച. എങ്കില്‍ എന്തുകൊണ്ട് സഞ്ജുവിനെ ഈ നമ്പറില്‍ പരിഗണിച്ചുകൂടായെന്നാണ് ആരാധകരുടെ ചോദ്യം.
Also Read: Sanju Samson : സഞ്ജു ഇനി എന്തൊക്കെ ചെയ്താലും ബെഞ്ചിൽ തന്നെ തുടരും ; കാരണം ഈ താരങ്ങൾ
സഞ്ജുവിന് ഏറെ സുപരിചതമാണ് വണ്‍ ഡൗണ്‍ പൊസിഷന്‍. ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം അത് പലകുറി തെളിയിച്ചതുമാണ്. എന്നാല്‍ സാധ്യതകളുണ്ടായിട്ടും ദേശീയ ടീമില്‍ സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമത് പരിഗണിക്കുന്നില്ല. ഇതിലെ അയുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. എവിടെയും തഴയപ്പെടാന്‍ സഞ്ജു എന്തു തെറ്റു ചെയ്‌തെന്നാണ് ആരാധകരുടെ ന്യായമായ ചോദ്യം.
എത്ര പരാജയപ്പെട്ടാലും വൈസ് ക്യാപ്റ്റനെന്ന പേരില്‍ ഗില്ലിന് ലഭിക്കുന്ന പ്രിവിലേജ് ഇന്ത്യന്‍ ടീമിന് ബാധ്യതയാകുന്നുവെന്നാണ് വിമര്‍ശനം. ആ പ്രിവിലേജിന്റെ ഒരു ശതമാനം പോലും സഞ്ജുവിനെ പോലുള്ള താരങ്ങള്‍ക്ക് ലഭിക്കാത്തതാണ് സങ്കടകരം.