Doping: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഉത്തേജകമരുന്ന് വിവാദം; ആർസിബി മുൻ പേസറെ സസ്പൻഡ് ചെയ്ത് ബിസിസിഐ
Doping Controversy: ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് ആർസിബി മുൻ പേസർക്ക് സസ്പൻഷൻ. മൂന്ന് ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് കണ്ടെത്തൽ.
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഉത്തേജകമരുന്ന് വിവാദം. ആർസിബി മുൻ താരമായ ഉത്തരാഖണ്ഡ് പേസർ രാജൻ കുമാർ നിരോധിത മരുന്നുകൾ ഉപയോഗിച്ചതായി ആൻ്റി ഡോപ്പിങ് ഏജൻസി കണ്ടെത്തി. ഇതോടെ താരത്തെ ബിസിസിഐ താത്കാലികമായി സസ്പൻഡ് ചെയ്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്കിടെയാണ് ഇടങ്കയ്യൻ പേസർ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ടൂർണമെൻ്റിനിടെ നടത്തിയ പരിശോധനയിൽ രാജൻ കുമാറിൻ്റെ രക്തസാമ്പിളുകൾ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പോസിറ്റീവ് ആവുകയായിരുന്നു. ഡ്രോസ്റ്റനോലോൺ (Drostanolone), മെറ്റനോലോൺ (Metenolone), ക്ലോമിഫീൻ (Clomifene) എന്നീ മൂന്ന് നിരോധിത ഉത്തേജക മരുന്നുകളുടെ സാന്നിധ്യമാണ് താരത്തിൻ്റെ രക്തത്തിൽ കണ്ടെത്തിയത്. പേശീബലം വർധിപ്പിക്കാനും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് ക്രമീകരിക്കാനുമാണ് ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇത് രാജ്യാന്തര ആൻ്റി ഡോപ്പിങ് ഏജൻസി നിരോധിച്ച മരുന്നുകളാണ്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ 29 വയസുകാരനായ രാജൻ കുമാറിന് ബിസിസിഐ താത്കാലിക വിലക്കേർപ്പെടുത്തി.
ക്രിക്കറ്റിൽ ഉത്തേജകമരുന്ന് കേസുകൾ വളരെ വിരളാമായാണ് സംഭവിക്കാറുള്ളത്. 2019ൽ യുവതാരം പൃഥ്വി ഷാ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പിന്നാലെ താരത്തെ എട്ട് മാസത്തേക്ക് വിലക്കുകയും ചെയ്തു. ചുമയ്ക്കുള്ള മരുന്നിലൂടെ ഉത്തേജകമരുന്ന് അറിയാതെ ശരീരത്തിലെത്തിയതാണെന്നായിരുന്നു പൃഥ്വി ഷായുടെ വാദം. ഇത് ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ഒന്നിലധികം ഉത്തേജകമരുന്നുകൾ ഉള്ളതുകൊണ്ട് തന്നെ രാജൻ കുമാറിന് ഈ ഇളവ് ലഭിച്ചേക്കില്ല. രാജൻ കുമാറിന് ബിസിസിഐ അച്ചടക്ക സമിതിക്ക് മുന്നിൽ വിശദീകരണം നൽകാൻ അവസരമുണ്ടാകും. കുറ്റം തെളിയിക്കപ്പെട്ടാൽ താരത്തിന് നാല് വർഷം വരെ വിലക്ക് നേരിടേണ്ടിവരും.