T20 World Cup 2026: ‘ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല’; ടി20 ലോകകപ്പിൻ്റെ വേദിമാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റിൻ്റെ ആവശ്യം തള്ളി ഐസിസി
ICC Rejects BCBs Request: വേദിമാറ്റമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി ഐസിസി. ഇന്ത്യയിൽ ചെന്ന് കളിക്കണമെന്ന് ഐസിസി നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾക്ക് വേറെ വേദി അനുവദിക്കണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി ഐസിസി. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിസി ആവശ്യം നിരസിച്ചത്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വേദിമാറ്റവുമായി ബന്ധപ്പെട്ട് ബിസിബി ഐസിസിയ്ക്ക് ഇമെയിൽ അയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ഐസിസി വിർച്വൽ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ഈ യോഗത്തിൽ വച്ച് ഐസിസി തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടി20 ലോകകപ്പ് കളിക്കാം ബംഗ്ലാദേശ് ഇന്ത്യയിലെത്തണം. അല്ലെങ്കിൽ പോയിൻ്റ് നഷ്ടപ്പെടുമെന്ന് ഐസിസി അറിയിച്ചു എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഐസിസി ഇത്തരത്തിൽ ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറയുന്നത്.
ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാൻ ആശങ്കയുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസിയ്ക്ക് മെയിലയച്ചിട്ടുണ്ട്. മറുപടിക്കായി കാത്തിരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് അമീനുൽ ഇസ്ലാം കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തരോട് പ്രതികരിച്ചു.
രണ്ട് തവണ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് ഏറ്റവും വലിയ കാര്യം. ഇത് ഐസിസിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഐസിസി യോഗം വിളിക്കുമെന്ന് കരുതുന്നു. ഐസിസി ഇവൻ്റായതിനാൽ ബിസിസിഐയുമായി സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെൻ്റിലേക്ക് ഒരു മാസം മാത്രം അവശേഷിക്കുന്നതിനാൽ വേദിമാറ്റം പ്രായോഗികമല്ലെന്ന് നേരത്തെ ബിസിസിഐ പ്രതികരിച്ചിരുന്നു.
ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും ഒരെണ്ണം മുംബൈയിലുമാണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് മാർച്ച് എട്ടിന് അവസാനിക്കും. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ.