AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ എന്താണ് ചെയ്യുന്നത്? വിഷ്ണു വിനോദിനെ കണ്ടുപഠിക്കൂ; വിമര്‍ശിച്ച് ആരാധകര്‍

Sanju Samson slammed by fans: സഞ്ജു സാംസണ്‍ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരാധകരുടെ വിമര്‍ശനം. വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിലെ മോശം പ്രകടനമാണ് സഞ്ജുവിനെതിരെ വിമര്‍ശനമുയരാന്‍ കാരണം.

Sanju Samson: സഞ്ജു സാംസണ്‍ എന്താണ് ചെയ്യുന്നത്? വിഷ്ണു വിനോദിനെ കണ്ടുപഠിക്കൂ; വിമര്‍ശിച്ച് ആരാധകര്‍
Sanju SamsonImage Credit source: instagram.com/team.samson
Jayadevan AM
Jayadevan AM | Published: 07 Jan 2026 | 04:38 PM

സഞ്ജു സാംസണ്‍ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് വിമര്‍ശിച്ച് ആരാധകര്‍. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിലെ മോശം പ്രകടനമാണ് സഞ്ജുവിനെതിരെ ചില ആരാധകര്‍ തിരിയാന്‍ കാരണം. പുതുച്ചേരിക്കെതിരെ 14 പന്തില്‍ 11 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പാര്‍ത് വഘാനിയുടെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

സഞ്ജുവിനെ കൂടാതെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും നിരാശപ്പെടുത്തി. എട്ട് പന്തില്‍ എട്ട് റണ്‍സാണ് രോഹന്‍ കുന്നുമ്മല്‍ നേടിയത്. 84 പന്തില്‍ 162 റണ്‍സ് നേടിയ വിഷ്ണു വിനോദും, 69 പന്തില്‍ 63 റണ്‍സ് നേടിയ ബാബ അപരാജിത്തും കേരളത്തെ അനായാസമായി വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താകാതെ നിന്നു.

സഞ്ജു വിഷ്ണു വിനോദിനെ കണ്ടുപഠിക്കണമെന്നാണ് ആരാധകരുടെ വിമര്‍ശനം. ‘വിഷ്ണുവിന് നിലയുറപ്പിക്കാന്‍ 30 പന്തുകളോളം വേണ്ടി വന്നു. തുടര്‍ന്ന് അദ്ദേഹം 63 പന്തില്‍ സെഞ്ചുറി നേടി. എന്നാല്‍ സഞ്ജു എന്താണ് ചെയ്തത്? ഏകദിനത്തില്‍ ആദ്യ പന്തു മുതല്‍ എന്തിനാണ് ആക്രമിക്കുന്നത്‌’ എന്നായിരുന്നു ഒരു കമന്റ്. സഞ്ജുവിന്റേത് മോശം ഷോട്ട് സെലക്ഷനായിരുന്നുവെന്നും വിമര്‍ശനമുയരുന്നുണ്ട്.

Also Read: Vijay Hazare Trophy: വിഷ്ണു വിനോദിന്റെ തൂക്കിയടി; സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിട്ടും പുതുച്ചേരിയെ പറപറപ്പിച്ച് കേരളം

ഈ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു ഇതുവരെ രണ്ട് മത്സരം മാത്രമാണ് കളിച്ചത്. ജാര്‍ഖണ്ഡിനെതിരെ ആദ്യം നടന്ന മത്സരത്തില്‍ താരം 95 പന്തില്‍ 101 റണ്‍സ് നേടിയിരുന്നു. സീനിയര്‍ താരമെന്ന നിലയില്‍ ഈ സ്ഥിരത മിക്ക മത്സരങ്ങളിലും കാഴ്ചവയ്ക്കാന്‍ സഞ്ജുവിന് സാധിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

സഞ്ജു ഒട്ടും ഉത്തരവാദിത്തമില്ലാതെ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ ദേഷ്യവും സങ്കടവും തോന്നുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. സീനിയര്‍ താരമെന്ന നിലയില്‍ തുടര്‍ച്ചയായി സെഞ്ചുറികളോ, കുറഞ്ഞത് മാച്ച് വിന്നിങ് ഇന്നിങ്‌സുകളോ നല്‍കേണ്ട സമയമാണിതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ആരാധകരുടെ ചില പ്രതികരണങ്ങള്‍

സഞ്ജു ഉത്തരവാദിത്തത്തോടെ, ക്ഷമയോടെ ബാറ്റ് ചെയ്യണമെന്നാണ് ഭൂരിപക്ഷ കമന്റുകളും. കരുത്തരായ തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. നാളെ (ജനുവരി 8) രാവിലെ ഒമ്പതിനാണ് ഈ മത്സരം. നിര്‍ണായകമായ ഈ മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടി20 ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങള്‍ക്ക് വിജയ് ഹസാരെ ട്രോഫിയിലെ എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ നിന്നു ബിസിസിഐ ഇളവ് നല്‍കിയിരുന്നു. ഇതുമൂലം, സഞ്ജുവടക്കമുള്ള താരങ്ങള്‍ തുടക്കത്തില്‍ ഏതാനും മത്സരങ്ങളില്‍ നിന്നു വിട്ടുനിന്നിരുന്നു.