Sanju Samson: 21 ഡക്ക് നേടിയാലേ പുറത്താക്കൂ എന്ന വാഗ്ദാനം ലംഘിച്ചു; 19 മത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തി ഗംഭീർ
Sanju Samson And Gautam Gambhir: സഞ്ജുവിന് നൽകിയ വാഗ്ദാനം ലംഘിച്ച് ഗംഭീർ. 21 ഡക്കുകൾ നേടിയാൽ മാത്രമേ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന വാഗ്ദാനമാണ് ഗംഭീർ ലംഘിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്.
ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് ശേഷമായിരുന്നു ഗംഭീറുമായുള്ള സംഭാഷണം. ഈ പരമ്പരയ്ക്ക് ശേഷം നിരാശനായിരുന്ന തന്നോട് ഗംഭീർ ഇങ്ങനെ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. അത്ര പിന്തുണയാണ് ടീം മാനേജ്മെൻ്റ് തനിക്ക് നൽകുന്നതെന്നും സഞ്ജു പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യയുടെ ഓപ്പണറായത്. ആദ്യ രണ്ട് കളി നിരാശപ്പെടുത്തിയെങ്കിലും പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ചുറി നേടിയ താരം പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറികളും രണ്ട് ഡക്കും. ഓപ്പണിങ് റോളിൽ സ്ഥാനമുറപ്പിച്ചിരിക്കെയാണ് ഏഷ്യാ കപ്പിലേക്ക് ശുഭ്മൻ ഗില്ലിൻ്റെ വരവ്. വൈസ് ക്യാപ്റ്റനായി ടീമിലേക്ക് തിരികെയെത്തിയ ഗിൽ ഓപ്പണറായതോടെ സഞ്ജുവിൻ്റെ സ്ഥാനം തെറിച്ചു. ഇതോടെ താരത്തെ അഞ്ചാം നമ്പറിലേക്ക് മാറ്റി. അഞ്ച്, മൂന്ന് നമ്പരുകളിൽ കളിപ്പിച്ച സഞ്ജു ചില നല്ല ഇന്നിംഗ്സുകൾ കളിച്ചെങ്കിലും 19 മത്സരങ്ങൾക്ക് ശേഷം, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായി