Virat Kohli: ബിരിയാണിയ്ക്ക് വില 978 രൂപ, റൊട്ടിയ്ക്ക് 118 രൂപ; വിരാട് കോലിയുടെ റെസ്റ്റോറൻ്റിൽ കയറിയാൽ പഴ്സ് ഉൾപ്പെടെ കീറും
Virat Kohli Restaurant Menu: വിരാട് കോലിയുടെ വൺ8 കമ്മ്യൂൺ റെസ്റ്റോറൻ്റിലെ മെനു പുറത്ത്. വിഭവങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
വിരാട് കോലിയുടെ റെസ്റ്റോറൻ്റിൽ വിഭവങ്ങൾക്ക് തീവില. മുംബൈയിലെ ജുഹുവിലുള്ള കോലിയുടെ വൺ8 കമ്മ്യൂൺ റെസ്റ്റോറൻ്റിലെ മെനു കണ്ടാണ് ആരാധകർ അന്തം വിട്ടിരിക്കുന്നത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ ബംഗ്ലാവ് പുതുക്കിപ്പണിത് അവിടെയാണ് കോലിയുടെ റെസ്റ്റോറൻ്റ്.
2022ലാണ് ഈ റെസ്റ്റോറൻ്റ് പ്രവർത്തനം ആരംഭിച്ചത്. പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയിലെ റെസ്റ്റോറൻ്റ് പേജിൽ മെനു അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ലഖ്നവി ദം ലാമ്പ് ബിരിയാണിയുടെ വില 978 രൂപയാണ്. ചിക്കൻ ചെട്ടിനാടിന് 878 രൂപ നൽകണം. സാൾട്ടഡ് ഫ്രൈസിന് 348 രൂപയും തന്തൂരി റൊട്ടിയ്ക്കും ബേബി നാനും 118 രൂപയുമാണ് വില. സ്പെഷ്യൽ കിംഗ് കോലി ചോക്കളേറ്റ് മൂസിന് 818 രൂപയും സിഗ്നേച്ചർ സിസ്ലിങ് ക്രൊഷാൻ്റിന് 918 രൂപയും നൽകണം. ലാമ്പ് ഷാങ്ക് എന്ന വിഭവമാണ് ഇവിടെ ഏറ്റവും വില കൂടിയത്. 2318 രൂപ.
വിരാട് കോലി ആരംഭിച്ച റെസ്റ്റോറൻ്റ് ശൃംഖലയാണ് വൺ8 കമ്മ്യൂൺ. ഡൽഹിയിലെ കൊണാട്ട് പ്ലേ, ഏറോസിറ്റി, മുംബൈയിലെ ജുഹു, ലോവർ പാരൽ, ഗുഡ്ഗാവ്, ബെംഗളൂരു, കൊൽക്കത്ത, പൂനെ, ഇൻഡോർ, ജയ്പൂർ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് വൺ8 കമ്മ്യൂൺ റെസ്റ്റോറൻ്റുകൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളിലേക്കും വൺ8 കമ്മ്യൂൺ വ്യാപിപ്പിക്കുമെന്നാ്ൺ സൂചനകൾ. നിയമലംഘനം ചൂണ്ടിക്കാട്ടി വിവിധ ഇടങ്ങളിലുള്ള റെസ്റ്റോറൻ്റുകൾക്ക് നേരെ മുൻപ് പലതവണ നടപടി ഉണ്ടായിട്ടുണ്ട്.