Women’s T20 World Cup 2026: എവിടെയാണ് പിഴച്ചത്? പ്രശ്‌നം പുതിയതല്ല, പഴയത് തന്നെ! ഹര്‍മന്‍പ്രീത് മനസ് തുറക്കുന്നു
Why Did India Fail in Women's T20 World Cup : വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റതാണ് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയോട് തോറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Harmanpreet Kaur
ഏറെ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റതാണ് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയോട് തോറ്റതും തിരിച്ചടിയായി. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് ടീമുകളെ തോല്‍പ്പിക്കാനായെങ്കിലും, മുന്‍നിര ടീമുകള്‍ക്ക് മുന്നില്‍ പതറി. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ടീം വീണ്ടും പരാജയപ്പെട്ടുവെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഓസീസിനെതിരായ മത്സരശേഷം തുറന്നുപറഞ്ഞു.
“ഈ ടൂർണമെന്റിനെക്കുറിച്ച് മൊത്തത്തിൽ ചിന്തിക്കുകയാണെങ്കിൽ, മികച്ച ടീമുകൾക്കെതിരെ നമുക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല. ഏറ്റവും മികച്ച ടീമുകളുമായി ഏറ്റുമുട്ടുമ്പോൾ നമ്മുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തുവരേണ്ടതുണ്ട്. നമ്മൾ ഇതിനെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്,” ഹർമൻപ്രീത് പറഞ്ഞു.
പ്രശ്‌നം പഴയത് തന്നെ
നിര്‍ണായക മത്സരങ്ങളില്‍ പിഴവ് വരുത്തുന്ന ‘പതിവ് ശീല’മാണ് തോല്‍വിക്ക് കാരണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ നിരീക്ഷണം. ചില സമയങ്ങളിൽ മത്സരത്തിൽ മികച്ച നിലയിലായിരിക്കും. എന്നാൽ അവസാന ഓവറുകളിൽ ഒരുപാട് റൺസ് വിട്ടുകൊടുക്കുന്നു. അതുപോലെ ചേസിങില്‍ ആവശ്യമായ ആ റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല. ഇത് വളരെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണെന്ന് ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റന്‍ വ്യക്തമാക്കി.
നിർണായക സമയത്ത് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹര്‍മന്‍പ്രീത് സമ്മതിച്ചു. മാന്യമായ ഒരു സ്കോർ ബോർഡിൽ എത്തിക്കാൻ കഴിഞ്ഞു. താന്‍ ബാറ്റ് ചെയ്യുമ്പോൾ സ്കോർ അൽപ്പം കുറവാണെന്നാണ് തോന്നിയത്, എന്നാൽ അവസാന രണ്ട് ഓവറുകൾ സഹായിച്ചു. അവർ അവരുടെ പ്ലാനുകൾക്ക് അനുസരിച്ചാണ് പന്തെറിഞ്ഞത്. നമ്മൾ ഒരുപാട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയില്ല, എങ്കിലും പ്രതീക്ഷിച്ച സ്കോറിലേക്ക് എത്താനും കഴിഞ്ഞില്ല. ഇതൊരു നല്ല മത്സരമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ വിജയം നേടാനായില്ലെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
Also Read: India W vs Australia W: പെറിയും, ഗാര്‍ഡ്‌നറും തകര്‍ത്തടിച്ചു, ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണുടഞ്ഞു
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സംഭവിച്ചത്
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ്. 27 പന്തില്‍ 56 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിന് മാത്രമാണ് ബാറ്റര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായത്.
സ്മൃതി മന്ദാന (37 പന്തില്‍ 38), ഷഫാലി വര്‍മ്മ (26 പന്തില്‍ 34), ജെമിമ റോഡ്രിഗസ് (28 പന്തില്‍ 34) എന്നിവര്‍ തരക്കേടില്ലാത്ത സ്‌കോറുകള്‍ നേടിയെങ്കിലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുന്നതില്‍ പരാജയപ്പെട്ടു. സോഫി മോളിനക്സിനെതിരെ ഹർമൻപ്രീത് തുടർച്ചയായി അടിച്ച മൂന്ന് സിക്സറുകളാണ് ഇന്ത്യയെ 170 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചത്.
പന്തുകൊണ്ട് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രേണുക സിംഗ് ആദ്യ ഓവറിൽ തന്നെ ജോർജിയ വോളിനെ പുറത്താക്കി. തൊട്ടുപിന്നാലെ ബെത്ത് മൂണിയും ഫോബെ ലിച്ച്ഫീൽഡും കുറഞ്ഞ റൺസിന് പുറത്തായതോടെ ഓസ്ട്രേലിയ 68/3 എന്ന നിലയിലേക്ക് തകർന്നു. എന്നാല്‍ എലീസ് പെറിയും (56) ആഷ്‌ലി ഗാർഡ്‌നറും (53*) ചേർന്ന് കെട്ടിപ്പടുത്ത 100 റൺസിന്റെ മാച്ച് വിന്നിംഗ് പാർട്ണർഷിപ്പ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.
English Summary
India was eliminated in the group stage of the Women’s T20 World Cup. Captain Harmanpreet Kaur blamed recurring failures against top teams for the exit. India scored 170/4 at Lord’s, powered by Harmanpreet’s quick 56. However, Australia chased down the target with one over to spare.