U 19 Asia Cup Final 2025: ഫൈനലില്‍ തീപ്പൊരിയായി പാക് ബാറ്റര്‍മാര്‍; ഇന്ത്യയ്ക്ക് 348 റണ്‍സ് വിജയലക്ഷ്യം; വൈഭവിലും ആരോണിലും പ്രതീക്ഷ
India U19 Vs Pakistan U19: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ 348 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ മികവാണ് പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172 റണ്‍സെടുത്തു
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ 348 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ 347 റണ്‍സ് നേടിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ മികവാണ് പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172 റണ്‍സെടുത്തു.
മൂന്നാം ഓവറില്‍ 14 പന്തില്‍ 18 റണ്‍സെടുത്ത ഹംസ സഹൂറിനെ ഹെനില്‍ പട്ടേല്‍ പുറത്താക്കിയെങ്കിലും, രണ്ടാം വിക്കറ്റിലെ സമീര്‍-ഉസ്മാന്‍ ഖാന്‍ കൂട്ടുക്കെട്ട് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. 102 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ഇവര്‍ പാകിസ്ഥാന് സമ്മാനിച്ചു.
45 പന്തില്‍ 35 റണ്‍സെടുത്ത ഉസ്മാനെ ഖിലന്‍ പട്ടേല്‍ വീഴ്ത്തിയെങ്കിലും, സമീര്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. സമീറിന്റെയും അഹമ്മദ് ഹുസൈനിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ട് 137 റണ്‍സാണ് സൃഷ്ടിച്ചത്. 72 പന്തില്‍ 56 റണ്‍സെടുത്ത അഹമ്മദ് ഹുസൈനിനെയും ഖിലന്‍ പട്ടേലാണ് വീഴ്ത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ച സമീര്‍ പാക് സ്‌കോര്‍ബോര്‍ഡ് 300 കടന്നതിന് പിന്നാലെ പുറത്തായി. ദീപേഷ് ദേവേന്ദ്രന്റെ പന്തില്‍ കനിഷ്‌ക് ചൗഹാന്‍ ക്യാച്ചെടുക്കുകയായിരുന്നു. സമീര്‍ പുറത്തായതിന് പിന്നാലെ പാക് ബാറ്റിങിന്റെ താളം തെറ്റി.
തുടര്‍ന്ന് ക്രീസിലെത്തിയ പാക് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ്-18 പന്തില്‍ 19, ഹുസൈഫ അഹ്‌സാന്‍-0, മുഹമ്മദ് ശയാന്‍-ആറു പന്തില്‍ ഏഴ്, അബ്ദുല്‍ സുഭാന്‍-നാല് പന്തില്‍ രണ്ട്, നിഖാബ് ഷഫീഖ്-17 പന്തില്‍ 12 നോട്ടൗട്ട്, മുഹമ്മദ് സയ്യം-എട്ട് പന്തില്‍ 13 നോട്ടൗട്ട് എന്നിങ്ങനെയാണ് സമീറിന് പുറത്തായതിന് ശേഷം ക്രീസിലെത്തിയ പാക് ബാറ്റര്‍മാരുടെ പ്രകടനം.
ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റും, ഹെനില്‍ പട്ടേലും, ഖിലന്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, കനിഷ്‌ക് ചൗഹാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വൈഭവ് സൂര്യവംശി, ആരോണ്‍ വര്‍ഗീസ്, ആയുഷ് മാത്രെ തുടങ്ങിയ ബാറ്റര്‍മാരിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.