India vs England: അഞ്ച് ഓവർ എറിയുമ്പോൾ ബുംറയ്ക്ക് വിശ്രമം; സ്റ്റോക്സ് തുടരെ എറിഞ്ഞത് 10 ഓവർ: വിമർശനവുമായി ഇർഫാൻ പത്താൻ
Irfan Pathan Criticizes Indian Team Management: ഇന്ത്യൻ ടീം മാനേജ്മെൻ്റിനെ വിമർശിച്ച് ഇർഫാൻ പത്താൻ. ലോർഡ്സ് ടെസ്റ്റിൽ ബുംറയെ വേണ്ടവിധം ഉപയോഗിച്ചില്ലെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.

ജസ്പ്രീത് ബുംറ, ഇർഫാൻ പത്താൻ
ലോർഡ്സ് ടെസ്റ്റിൽ ബുംറയെ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്ന് മുൻ താരവും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ. അഞ്ച് ഓവർ എറിയുമ്പോൾ തന്നെ ബുംറയ്ക്ക് വിശ്രമം അനുവദിച്ചു എന്നും ബെൻ സ്റ്റോക്സ് തുടരെ 10 ഓവറുകൾ വരെ എറിഞ്ഞു എന്നും പത്താൻ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്താൻ്റെ വിമർശനം.
“അഞ്ചാം ദിനം രാവിലെ സ്റ്റോക്സ് 9.2 ഓവർ നീണ്ട മാരത്തോൺ സ്പെൽ എറിഞ്ഞു. എന്തൊരു കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം പന്തെറിയും, ബാറ്റ് ചെയ്യും. ഋഷഭ് പന്തിൻ്റെ ഒരു നിർണായ റണ്ണൗട്ടും ഉണ്ടായി. പക്ഷേ, അദ്ദേഹത്തിൻ്റെ ജോലിഭാരത്തെപ്പറ്റി ആരും സംസാരിക്കുന്നില്ല. പക്ഷേ ഇന്ത്യയിൽ അങ്ങനെയല്ല. ബുംറ അഞ്ച് ഓവർ എറിയും. രണ്ടാം ഇന്നിംഗ്സിൽ കാര്യങ്ങൾ നിയന്ത്രണത്തിലാക്കേണ്ട സമയത്ത് ജോ റൂട്ട് ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് വരെ കാത്തുനിൽക്കും. അത് നിർഭാഗ്യകരമായിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ വിശ്രമം അനുവദിച്ചതിനാൽ അദ്ദേഹത്തിൻ്റെ ജോലിഭാരം നിയന്ത്രിച്ചിരുന്നു. ഒരു മത്സരത്തിൽ ജോലിഭാര നിയന്ത്രണം പാടില്ല. എങ്ങനെയും വിജയിക്കണം. ഇന്ത്യൻ ക്യാമ്പിന് ഇത് കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു.”- പത്താൻ വിമർശിച്ചു.
Also Read: India vs England: ‘വമ്പൻ ഷോട്ട് കളിച്ച് ഔട്ടായിരുന്നെങ്കിലോ?’; ജഡേജയെ പിന്തുണച്ച് ആർ അശ്വിൻ
ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടും പിന്നീട് ഇന്ത്യയും 387 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് എറിഞ്ഞിട്ടെങ്കിലും ഇന്ത്യക്ക് 170 റൺസേ നേടാനായുള്ളൂ. 8 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ വമ്പൻ തകർച്ച അഭിമുഖീകരിച്ച ഇന്ത്യയ്ക്ക് വാലറ്റവും രവീന്ദ്ര ജഡേജയും ചേർന്നാണ് പ്രതീക്ഷ നൽകിയത്. 61 റൺസ് നേടി പുറത്താവാതെ നിന്ന ജഡേജയാണ് ടോപ്പ് സ്കോറർ.