India vs England: മഴ വില്ലനായാല്‍ ഇംഗ്ലണ്ടിന് കോളടിച്ചു; സെമി പോരില്‍ കാലാവസ്ഥ ചതിക്കുമോ?
IND vs ENG T20 World Cup Match Preview: കാലാവസ്ഥ പ്രതികൂലമായാലും എങ്ങനെയെങ്കിലും ഇന്ന് തന്നെ മത്സരം പൂര്‍ത്തിയാക്കാനാകും ശ്രമം. ഇതിനായി 90 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും സാധിച്ചില്ലെങ്കില്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിവയ്ക്കും.

Indian Team Training Session
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഇന്നറിയാം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. മത്സരത്തിന് മഴ ഭീഷണിയില്ലാത്തത് ആശ്വാസമാണ്. ഇനി മഴ പെയ്താല്‍ തന്നെ, സെമി ഫൈനലിന് റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ നേട്ടം ഇംഗ്ലണ്ടിനാണ്.
കാലാവസ്ഥ പ്രതികൂലമായാലും എങ്ങനെയെങ്കിലും ഇന്ന് തന്നെ മത്സരം പൂര്‍ത്തിയാക്കാനാകും ശ്രമം. ഇതിനായി 90 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും സാധിച്ചില്ലെങ്കില്‍ മാത്രമാണ് റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിവയ്ക്കുക. റിസര്‍വ് ദിനത്തില്‍ 120 മിനിറ്റാണ് അധിക സമയം അനുവദിച്ചിട്ടുള്ളത്.
റിസര്‍വ് ദിനത്തിലും കളി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, സൂപ്പർ 8 ഘട്ടത്തിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന് നിയമങ്ങൾ അനുകൂലമാകും. സൂപ്പര്‍ എട്ടില്‍ ഇന്ത്യ രണ്ടാമതും, ഇംഗ്ലണ്ട് ഒന്നാമതുമായിരുന്നു. ഇതാണ് ഇംഗ്ലണ്ടിന് പ്രയോജനകരമാകുന്നത്. എന്തായാലും, ഇന്ന് വാങ്കഡെയില്‍ മഴ ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍.
സാധ്യതാ ഇലവൻ
ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ട്ലർ, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.
ഇരുടീമുകളും ടി20യില്‍ ഇതുവരെ 29 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 17 തവണയും ഇന്ത്യ ജയിച്ചു. 12 തവണയായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ ഇന്ത്യയിലുടനീളം തത്സമയം സംപ്രേഷണം ചെയ്യും.ജിയോ ഹോട്ട്‌സ്റ്റാർ ആപ്പിലും മത്സരം കാണാം.
വാങ്കഡെയില്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ പോലെ ടോസ് അത്ര സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തല്‍. സ്പിന്നര്‍മാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഇവിടുത്തെ പിച്ച്. ബാറ്റര്‍മാര്‍ക്കും അനുകൂലമാണ്. ഈ മൈതാനത്ത്, 2025 ഫെബ്രുവരി 2 ന്, ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 247 റൺസ് നേടിയിരുന്നു. 254 ആണ് ഈ മൈതാനത്തെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍.