India vs South Africa: ഈ കളി തോറ്റാൽ ഗംഭീറിൻ്റെ കസേര തെറിക്കും; പ്രകടനത്തിൽ ബിസിസിഐ തൃപ്തനല്ലെന്ന് റിപ്പോർട്ട്
Gautam Gambhir Test Coach: ഗൗതം ഗംഭീറിൻ്റെ ടെസ്റ്റ് പരിശീലകസ്ഥാനം അപകടത്തിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ഈ കളി തോറ്റാൽ ഗംഭീറിൻ്റെ സ്ഥാനം നഷ്ടമാവുമെന്നാണ് സൂചന.

ഗൗതം ഗംഭീർ
ടെസ്റ്റ് ക്രിക്കറ്റ് പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ പുറത്താക്കിയേക്കും. പരിശീലകനെന്ന നിലയിൽ ഗംഭീറിൻ്റെ പ്രകടനത്തിൽ ബിസിസിഐ തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റാൽ ഗംഭീറിനെ പുറത്താക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കളിയിൽ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുകയാണ്.
ഇതുവരെ 18 മത്സരങ്ങളാണ് ഗംഭീറിൻ്റെ കീഴിൽ ഇന്ത്യ കളിച്ചത്. ജയിച്ചത് വെറും ഏഴ് മത്സരങ്ങളിൽ. ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ പരമ്പര അടിയറവെച്ചതും ഓസ്ട്രേലിയയിൽ പോയി ബോർഡർ – ഗവാസ്കർ ട്രോഫി തോറ്റതുമൊക്കെ ഗംഭീറിന് കീഴിലായിരുന്നു. ഈ രണ്ട് പരമ്പരയിലെ പ്രകടനങ്ങൾക്ക് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. എന്നാൽ, ഇംഗ്ലണ്ടിൽ പോയി പരമ്പര 2-2ന് സമനിലയാക്കിയതോടെ വിമർശനങ്ങൾ തത്കാലം കെട്ടടങ്ങി. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും ഇന്ത്യ തകർന്നു.
Also Read: India vs South Africa: ‘ഗംഭീറിനെ പുറത്താക്കൂ’; ഇന്ത്യൻ ക്യാപ്റ്റനെതിരെ സോഷ്യൽ മീഡിയ
സായ് സുദർശനെ മൂന്നാം നമ്പറിൽ കളിപ്പിച്ചതും വാഷിംഗ്ടൺ സുന്ദറിന് കൃത്യമായ ബാറ്റിങ് പൊസിഷൻ നൽകാത്തതുമൊക്കെ ചർച്ചയാവുന്നുണ്ട്. നിതീഷ് കുമാർ റെഡ്ഡി ടീമിൽ കളിക്കുന്നുണ്ടെങ്കിലും പന്തെറിയുന്നില്ല. ഇതൊക്കെ ഇന്ത്യൻ ടീമിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണമാവുന്നുണ്ട്.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി ഒരു സീസണിൽ കിരീടം നേടിയതാണ് ഇന്ത്യൻ പരിശീലകനാവുന്നതിനായുള്ള ഗംഭീറിൻ്റെ സിവി. അതിന് മുൻപ് രണ്ട് സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനൊപ്പമുണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 2024ൽ ഗംഭീർ കൊൽക്കത്തയുടെ ഉപദേശകനായി എത്തി. സീസണിൽ ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു പരിശീലകൻ. പണ്ഡിറ്റിൻ്റെ പേര് എവിടെയും കേട്ടില്ല. കൊൽക്കത്തയുടെ കിരീടനേട്ടം ഗംഭീറിൻ്റെ നേട്ടമായി കണക്കാക്കപ്പെട്ടു. ഈ പരിചയവുമായാണ് ഗംഭീർ ഇന്ത്യൻ പരിശീലകനാവുന്നത്. ഐപിഎൽ പരിശീലന പരിചയമുള്ളതുകൊണ്ട് തന്നെ ടി20യിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാൽ, ടെസ്റ്റിൽ ഇത് കാണുന്നില്ല.