WPL Auction: വനിതാ പ്രീമിയർ ലീഗ് ലേലം നവംബർ 27ന്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
WPL Auction Streaming Details: വനിതാ പ്രീമിയർ ലീഗ് ലേലം ഈ മാസം 27ന്. ന്യൂഡൽഹിയിൽ വച്ചാണ് മെഗാ ലേലം നടക്കുക.
വനിതാ പ്രീമിയർ ലീഗ് ലേലം ഈ മാസം 27ന് നടക്കും. ന്യൂഡൽഹിയിൽ വച്ചാണ് ലേലം നടക്കുക. അടുത്ത വർഷം ജനുവരിയിലാവും വനിതാ പ്രീമിയർ ലീഗ്. വഡോദര, നവി മുംബൈ എന്നിവിടങ്ങളിൽ വച്ചാവും വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുക. ലേലത്തിന് ശേഷം ഡബ്ല്യുപിഎലിൻ്റെ കൃത്യമായ മത്സരക്രമം പുറത്തുവിടും.
2023ലെ പ്രഥമ ലീഗിന് ശേഷം ഇതാദ്യമായാണ് മെഗാ ലേലം നടക്കുന്നത്. നിലവിൽ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് വനിതാ പ്രീമിയർ ലീഗിലെ വിലപിടിച്ച താരം. 3.4 കോടി രൂപയ്ക്കാണ് സ്മൃതിയെ 2023ൽ ആർസിബി ടീമിലെത്തിച്ചത്. ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സിവർ ബ്രണ്ടിന് മുംബൈ ഇന്ത്യൻസ് 3.2 കോടി രൂപ നൽകി. ഇക്കൊല്ലത്തെ മെഗാ ലേലത്തിൽ ഈ റെക്കോർഡുകൾ തകർക്കപ്പെടുമോ എന്നതാണ് ശ്രദ്ധേയം. ദീപ്തി ശർമ്മ, രേണുക സിംഗ്, മെഗ് ലാനിങ്, അമേലിയ കെർ, മെഗ് ലാനിങ്, സോഫി എക്ലസ്റ്റൺ, ലോറ വോൾഫാർട്ട് തുടങ്ങി മികച്ച രാജ്യാന്തര താരങ്ങൾ ലേലപ്പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ റെക്കോർഡ് തകർക്കപ്പെടുമെന്നാണ് സൂചന.
മുംബൈ ഇന്ത്യൻസ് രണ്ട് തവണയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു തവണയും കിരീടം നേടി. ഡൽഹി ക്യാപിറ്റൽസായിരുന്നു മൂന്ന് തവണയും റണ്ണർ അപ്പ്. യുപി വാരിയേഴ്സ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളും ഡബ്ല്യുപിഎലിലുണ്ട്.
നവംബർ 27ന് വൈകിട്ട് 3.30 മുതലാണ് ലേലം ആരംഭിക്കുക. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലേലം തത്സമയം കാണാം. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സിൻ്റെ ചാനലുകളിലും ഒടിടി പ്രേക്ഷകർക്ക് ജിയോ ഹോട്ട്സ്റ്റാറിൻ്റെ ആപ്പിലും വെബ്സൈറ്റിലും മത്സരം കാണാം.