India vs South Africa: അയ്യയ്യേ, എന്തൊരു നാണക്കേട്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഓൾഔട്ട്
India All Out vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഓൾ ഔട്ടായി ഇന്ത്യ. 201 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 288 റൺസ് അകലെയാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഓൾ ഔട്ട്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 489 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 201 റൺസിന് മുട്ടുമടക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനാണ് ഇന്ത്യയെ തകർത്തത്. 58 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോററായി.
വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ജയ്സ്വാളും രാഹുലും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി. എന്നാൽ, 65 റൺസ് നീണ്ട കൂട്ടുകെട്ട് അവസാനിപ്പിച്ച കേശവ് മഹാരാജ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. 22 റൺസ് നേടിയ കെഎൽ രാഹുലാണ് മടങ്ങിയത്.
മൂന്നാം നമ്പറിലെത്തിയ സായ് സുദർശനും ജയ്സ്വാളും ചേർന്ന് 30 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായി. ഇതിനിടെ ജയ്സ്വാൾ തൻ്റെ ഫിഫ്റ്റിയും കണ്ടെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ജയ്സ്വാളിൻ്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. ഫിഫ്റ്റിക്ക് പിന്നാലെ ജയ്സ്വാൾ മടങ്ങി. 58 റൺസ് നേടിയ താരത്തെ സൈമൺ ഹാർമർ മടക്കുകയായിരുന്നു. സായ് സുദർശനും (15) ഹാർമറിൻ്റെ ഇരയായി.
പിന്നീട് മാർക്കോ യാൻസൻ്റെ ഊഴമായിരുന്നു. ഇന്ത്യൻ മധ്യനിരയെ യാൻസൻ തകർത്തെറിഞ്ഞു. ധ്രുവ് ജുറേൽ (0), ഋഷഭ് പന്ത് (7), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (6) എന്നിവരൊക്കെ യാൻസന് മുന്നിൽ വീണു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ നിന്ന് എട്ടാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറും കുൽദീപ് യാദവും ക്രീസിലുറച്ചു. വിലപ്പെട്ട 72 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. വാഷിംഗ്ടൺ സുന്ദറെ (28) മടക്കി സൈമൺ ഹാർമർ ഈ കൂട്ടുകെട്ട് പൊളിച്ചപ്പോൾ കുൽദീപ് യാദവിനെ വീഴ്ത്തി മാർക്കോ യാൻസൻ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ജസ്പ്രീത് ബുംറയെ (15) മടക്കിയ യാൻസൻ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.