India Women vs England Women: അവസാന ഓവറിൽ അഞ്ച് റൺസിൻ്റെ ത്രില്ലിങ് ജയം; ഇന്ത്യൻ വനിതകൾക്കെതിരെ പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്
England Wins Against India In 3rd T20: ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. അഞ്ച് റൺസിന് വിജയിച്ച ഇന്ത്യ പരമ്പര പ്രതീക്ഷ നിലനിർത്തി.

ഇന്ത്യൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഇംഗ്ലണ്ടിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ സാധിച്ചുള്ളൂ. പരമ്പരയിലെ ആദ്യ രണ്ട് കളി ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാമത്തെ കളി വിജയിച്ചതോടെ ഇംഗ്ലണ്ട് പരമ്പരയിൽ പ്രതീക്ഷ നിലനിർത്തി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണർമാരായ സോഫിയ ഡങ്ക്ലിയും ഡാനി വ്യാട്ട് ഹോഡ്ജും തകർത്തടിച്ചു. ഇംഗ്ലണ്ട് നിരയിൽ കേവലം മൂന്ന് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. 53 പന്തിൽ 75 റൺസ് നേടിയ സോഫിയ ഡങ്ക്ലി ടോപ്പ് സ്കോററായപ്പോൾ ഡാനി വ്യാട്ട് ഹോഡ്ജ് 42 പന്തിൽ 66 റൺസ് നേടി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 137 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പിന്നാലെ ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റൺ മാത്രമാണ് ഇരട്ടയക്കത്തിയത്. എക്ലസ്റ്റൺ 10 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി അരുന്ധതി റെഡ്ഡിയും ദീപ്തി ശർമ്മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.




മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദനയും ഷഫാലി വർമ്മയും ചേർന്ന് ഇന്ത്യക്കും മികച്ച തുടക്കം നൽകി. 85 റൺസാണ് ആദ്യ വിക്കറ്റിൽ പിറന്നത്. 25 പന്തിൽ 47 റൺസെടുത്ത് ഷഫാലിയും പിന്നാലെ 49 പന്തിൽ 56 റൺസ് നേടി മന്ദനയും പുറത്തായി. ജെമീമ റോഡ്രിഗസ് (20), ഹർമൻപ്രീത് കൗർ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് വിജയിക്കാനായില്ല.
ആദ്യ കളി 97 റൺസിന് വിജയിച്ച ഇന്ത്യ രണ്ടാമത്തെ മത്സരം 24 റൺസിനാണ് വിജയിച്ചത്. ജൂലായ് 9നും 12നുമാണ് പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾ.