KCL Auction 2025: ആകെ പഴ്സിൽ 50 ലക്ഷം, പകുതിയിലധികം പണമെറിഞ്ഞ് സഞ്ജുവിനെ റാഞ്ചി കൊച്ചി; വിഷ്ണു വിനോദിനും നേട്ടം
Sanju Samson To Kochi Blue Tigers In KCL Auction: കേരള ക്രിക്കറ്റ് ലീഗിൻ്റെ അടുത്ത സീസണിൽ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിൽ കളിക്കും. 26.8 ലക്ഷം രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് താരം ടീമിലെത്തിയത്.

കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ. ആകെ പഴ്സിൽ നിന്ന് പകുതിയിലധികം പണം മുടക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു ഇന്ത്യൻ ടി20 ടീമിൻ്റെ ഓപ്പണറാണ്. ലേലത്തിൽ പഞ്ചാബ് കിംഗ്സ് താരമായ വിഷ്ണു വിനോദും നേട്ടമുണ്ടാക്കി.
അഞ്ച് ലക്ഷം രൂപയ്ക്ക് കൊച്ചി ഫ്രാഞ്ചൈസി തന്നെയാണ് ലേലം ആരംഭിച്ചത്. തൃശൂർ ടൈറ്റൻസ് മത്സരിച്ച് വിളിച്ചതോടെ ലേലത്തുക 10 ലക്ഷം കടന്നു. ഇരുവരും തമ്മിലുള്ള പോരാട്ടത്തിനിടെ 20 ലക്ഷം രൂപയുമായി ട്രിവാൻഡ്രം റോയൽസ് കളത്തിലിറങ്ങി. എന്നാൽ, വിട്ടുകൊടുക്കാൻ തൃശൂരും കൊച്ചിയും തയ്യാറായില്ല. ഒടുവിൽ 26.8 ലക്ഷം രൂപ പൊടിച്ച് കൊച്ചി തന്നെ സഞ്ജുവിനെ സ്വന്തമാക്കി.
വിഷ്ണു വിനോദിനെ 12.8 ലക്ഷം രൂപയ്ക്ക് നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ താരം തൃശൂർ ടൈറ്റൻസിലായിരുന്നു. ജലജ് സക്സേനയ്ക്ക് 12.4 ലക്ഷം രൂപ ലഭിച്ചു. ആലപ്പി റിപ്പിൾസാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം വില ലഭിച്ച എംഎസ് അഖിലിന് ഇത്തവണ അതിലും കൂടുതൽ തുക ലഭിച്ചു. കഴിഞ്ഞ സീസണിൽ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കിയ താരത്തെ ഇത്തവണ 8.4 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കി.




കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിച്ച ബേസിൽ തമ്പിയായിരുന്നു ലേലത്തിലെ ആദ്യ താരം. 8.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസാണ് താരത്തെ സ്വന്തമാക്കിയത്.
ഇന്ത്യയുടെ അണ്ടർ 19 താരം മുഹമ്മദ് ഇനാൻ, വൈശാഖ് ചന്ദ്രൻ, മിഥുൻ പികെ, ഈദൻ ആപ്പിൾ ടോം, അഖിൻ സത്താർ എന്നിവർ ആദ്യ റൗണ്ടിൽ അൺസോൾഡ് ആയി. അഖിനെ പിന്നീട് കൊച്ചി ഫ്രാഞ്ചൈസി തന്നെ അടിസ്ഥാന വിലയായ മൂന്ന് ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.