U19 Asia Cup Final 2025: ഏഷ്യാ കപ്പ് ഫൈനലില്‍ വീണ്ടും ഇന്ത്യ-പാക് പോരാട്ടം, ഇത്തവണ ഏറ്റുമുട്ടുന്നത് കൗമാരപ്പട
India U 19 Vs Pakistan U 19: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. സെമി ഫൈനില്‍ ഇന്ത്യ ശ്രീലങ്കയെയും, പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും തോല്‍പിച്ചു
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഞായറാഴ്ച (ഡിസംബര്‍ 21) രാവിലെ 10.30 ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. സെമി ഫൈനില്‍ ഇന്ത്യ ശ്രീലങ്കയെയും, പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും തോല്‍പിച്ചു. എട്ട് വിക്കറ്റിനായിരുന്നു ഇരുടീമുകളുടെയും ജയം. 139 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. 63 പന്തുകള്‍ ബാക്കി നില്‍ക്കെ 123 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടന്നു. മഴ മൂലം മത്സരങ്ങള്‍ തടസപ്പെട്ടതിനാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയാണ് കളി നടത്തിയത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആയുഷ് മാത്രെയെയും, വൈഭവ് സൂര്യവംശിയെയും പെട്ടെന്ന് നഷ്ടമായെങ്കിലും മലയാളി താരം ആരോണ്‍ വര്‍ഗീസിന്റെയും, വിഹാന്‍ മല്‍ഹോത്രയുടെയും മൂന്നാം വിക്കറ്റിലെ അപരാജിത കൂട്ടുക്കെട്ട് ഇന്ത്യയെ അനായാസമായി വിജയത്തിലേക്ക് നയിച്ചു.
45 പന്തില്‍ 61 റണ്‍സെടുത്ത വിഹാനാണ് ടോപ് സ്‌കോറര്‍. ആരോണ്‍ 49 പന്തില്‍ 58 റണ്‍സെടുത്തു. ഇരുവരെയും പുറത്താക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത ആയുഷ് മാത്രെയും, ആറു പന്തില്‍ ഒമ്പത് റണ്‍സെടുത്ത വൈഭവ് സൂര്യവംശിയും നിര്‍ണായക മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. റസിത് നിംസാരയാണ് ഇരുവരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്.
Also Read: Sanju Samson: അമ്പയറെയും വീഴ്ത്തി സഞ്ജുവിന്റെ പ്രഹരം; ടി20യിലെ 1000 ക്ലബില്‍ അംഗത്വം
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കിഷന്‍ കുമാര്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, ഖിലന്‍ പട്ടേല്‍ എന്നിവരുടെ ബൗളിങ് മികവാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. 42 റണ്‍സെടുത്ത ചമിക ഹീനടിഗളയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
നാലു വിക്കറ്റെടുത്ത അബ്ദുല്‍ സുഭാന്റെ ബൗളിങ് മികവിലാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കിയത്. മൂന്ന് ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പുറത്താകാതെ 57 പന്തില്‍ 69 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസിന്റെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ അനായാസം വിജയം സ്വന്തമാക്കി.