Indian Cricket Year Ender 2025: കുതിച്ചും, കിതച്ചും 12 മാസങ്ങള്‍, ഇതിഹാസങ്ങള്‍ പടിയിറങ്ങിയ നിമിഷങ്ങള്‍; ഇന്ത്യൻ ക്രിക്കറ്റിന്റെ 2025
Indian Cricket’s Massive Year Ender 2025: ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് 2025 നേട്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച വര്‍ഷമാണ്. നിരവധി മാറ്റങ്ങളും സംഭവിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് 2025ല്‍ സംഭവിച്ച പ്രധാന സംഭവവികാസങ്ങള്‍ സമഗ്രമായി പരിശോധിക്കാം

Asia Cup 2025 Winning Celebrations
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് 2025 ഒരുപോലെ നേട്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച വര്‍ഷമാണ്. നിരവധി മാറ്റങ്ങളും ഈ വര്‍ഷം സംഭവിച്ചു. തുടക്കം ഒട്ടും നല്ലതായിരുന്നില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമായിരുന്നു ഈ വര്‍ഷത്തെ ആദ്യ അസൈന്‍മെന്റ്. ഈ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് തോറ്റു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഓസീസ് 3-1ന് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്തായി.
തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നടന്നു. 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും തൂത്തുവാരി. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയെത്തി. ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരെയായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ ജേതാക്കളായി. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരം ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും, യുഎഇയിലുമായാണ് നടന്നത്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചു.
നായകന്‍ ഗില്‍
ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ തുടക്കമിട്ടു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും നിന്ന് വിരമിച്ചതിനു ശേഷമുള്ള ആദ്യ ടെസ്റ്റ്. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ രംഗപ്രവേശം. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറ മാറ്റത്തിന് തുടക്കം കുറിച്ച ഈ പരമ്പര ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി.
ഏഷ്യാ കപ്പിലും ഇന്ത്യന്‍ മുത്തം
സെപ്തംബറില്‍ ഏഷ്യാ കപ്പ് ആരംഭിച്ചു. സെപ്തംബര്‍ 10ന് യുഎഇയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ പരമ്പരാഗതവൈരികളായ പാകിസ്ഥാനെയാണ് കീഴടക്കിയത്. ഗ്രൂപ്പ് സ്റ്റേജ്, സൂപ്പര്‍ 4, ഫൈനല്‍ മത്സരങ്ങളിലെല്ലാം പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റമ്പി. മലയാളി താരം സഞ്ജു സാംസണായിരുന്നു ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.
നിസാരം കരീബിയന്‍സ്
ഏഷ്യാ കപ്പിന് ശേഷം വീണ്ടും ടെസ്റ്റ് പരമ്പരയെത്തി. വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ സമഗ്രാധിപത്യം. പൊരുതാന്‍ പോലുമാകാതെ കരീബിയന്‍സ് കീഴടങ്ങി.
കങ്കാരുക്കളുടെ നാട്ടില്‍
ഓസീസ് മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു. 2-1നായിരുന്നു ആതിഥേയരുടെ ജയം. ടി20 പരമ്പരയില്‍ ഇന്ത്യ പകരം വീട്ടി. അഞ്ച് മത്സരങ്ങളുടെ പരമ്പര സൂര്യകുമാര്‍ യാദവും സംഘവും 2-1ന് സ്വന്തമാക്കി. മഴ മൂലം പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
പ്രോട്ടീസ് പരീക്ഷണം
ഇന്ത്യയെ ഏറെ ഞെട്ടിച്ചതായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര. നാട്ടില്‍ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ അടിയറവ് പറഞ്ഞു. പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ഈ തോല്‍വിയുടെ പേരിലായിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നാട്ടില്‍ നാണംകെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
എന്നാല്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ പ്രോട്ടീസിനെ 3-1ന് കീഴടക്കി ഇന്ത്യ തിരിച്ചടിച്ചു. ടി20 പരമ്പര ഇനിയും അവസാനിച്ചിട്ടില്ല.
പരിക്കുകള്‍ ഞെട്ടിച്ചു
താരങ്ങളെ പരിക്കുകള്‍ പിടിമുറുക്കിയ വര്‍ഷമായിരുന്നു 2025. അതില്‍ ആദ്യ ഇര സഞ്ജു സാംസണായിരുന്നു. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയ്ക്കിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. ഐപിഎല്ലിനിടെ താരത്തിന് വീണ്ടും പരിക്കേറ്റു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഏറെ ഞെട്ടിച്ചു. അതീവ ഗുരുതരമായ ഈ പരിക്കിനെ അതിജീവിച്ച ശ്രേയസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റിരുന്നു. ഏകദിന പരമ്പര നഷ്ടമായ ഗില്‍ ടി20യിലൂടെയാണ് തിരിച്ചെത്തിയത്. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, ധ്രുവ് ജൂറല്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയും പലഘട്ടങ്ങളിലായി പരിക്ക് പിടികൂടിയിരുന്നു.
മാറ്റങ്ങള്‍, നേട്ടങ്ങള്‍
ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സറായി അപ്പോളോ ടയേഴ്‌സ് കരാറൊപ്പിട്ടത് ഈ വര്‍ഷമാണ്. ഇന്ത്യന്‍ താരങ്ങള്‍ ഈ വര്‍ഷം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ജസ്പ്രീത് ബുംറയാണ്. ഐസിസി മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ (സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി), ഐസിസി മെൻസ് ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ, പോളി ഉമ്രിഗർ അവാർഡ് (മികച്ച അന്താരാഷ്ട്ര താരം) പുരസ്‌കാരങ്ങള്‍ ബുംറ സ്വന്തമാക്കി.
ഐസിസി മെൻസ് ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ അവാര്‍ഡ് അര്‍ഷ്ദീപ് സിങ് നേടി. സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്-സച്ചിൻ ടെണ്ടുൽക്കർ, മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം-സർഫറാസ് ഖാൻ, ബിസിസിഐ പ്രത്യേക പുരസ്കാരം-രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവയാണ് മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍. സിയറ്റ് ക്രിക്കറ്റ് അവാർഡ്‌സില്‍ മികച്ച ടി20 ബാറ്റ്‌സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം സഞ്ജു സാംസണ്‍ നേടി.
അപ്രതീക്ഷിതം ഈ വിരമിക്കലുകള്‍
രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഈ വര്‍ഷമാണ്. ടി20യില്‍ നിന്നു നേരത്തെ വിരമിച്ച ഇരുവരും ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, വരുൺ ആരോൺ, പീയൂഷ് ചൗള, ഋഷി ധവാൻ, മോഹിത് ശർമ്മ തുടങ്ങിയവരും വിരമിച്ചു.
യാത്രാമൊഴി
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന പദ്മകര്‍ ശിവല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സയ്യിദ് ആബിദ് അലി, ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായിരുന്ന പ്രണബ് ഭണ്ഡാരി, ത്രിപുരയുടെ മുന്‍ രഞ്ജി താരം രാജേഷ് ബാനിക്, മുന്‍ കേരള താരം വി മണികണ്ഠ കുറുപ്പ്, മുന്‍ താരം ദിലീപ് ജോഷി തുടങ്ങിയവര്‍ ഈ വര്‍ഷം വിടപറഞ്ഞു.