IPL 2026 Auction: കൊൽക്കത്ത ലേലത്തിനെത്തുക ഏറ്റവും കൂടുതൽ തുകയുമായി; പ്ലാനുകളിൽ വമ്പൻ പേരുകൾ
Kolkata Knight Riders IPL Auction Plans: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ലേലത്തിനെത്തുന്നത് 63.4 കോടി രൂപയുമായാണ്. കൊൽക്കത്തയ്ക്കാണ് ഏറ്റവും ഉയർന്ന പഴ്സ് ഉള്ളത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
പഴ്സിൽ ഏറ്റവും കൂടുതൽ തുകയുമായി ഐപിഎൽ ലേലത്തിനെത്തുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 64.3 കോടി രൂപ പഴ്സിലുള്ള കൊൽക്കത്തയ്ക്ക് 13 താരങ്ങളെ കണ്ടെത്തണം. ഇതിൽ ആറ് വിദേശതാരങ്ങൾക്ക് സ്ലോട്ടുണ്ട്. ഡിസംബറിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ കൊൽക്കത്ത ലക്ഷ്യമിടുന്ന ചില വമ്പൻ പേരുകളുണ്ട്.
വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ, മൊയീൻ അലി, ക്വിൻ്റൺ ഡികോക്ക്, ആൻറിച് നോർക്കിയ, റഹ്മാനുള്ള ഗുർബാസ് തുടങ്ങിയ താരങ്ങളെയൊക്കെ കൊൽക്കത്ത റിലീസ് ചെയ്തു. അതുകൊണ്ട് തന്നെ ഓപ്പണിംഗ്, ഫിനിഷിങ്, പേസ് ബൗളിംഗ് എന്നീ മേഖലകളിലേക്കൊക്കെ കൊൽക്കത്തയ്ക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.
Also Read: Sanju Samson: ‘ഇനി നമ്മുടെ പയ്യൻ യെല്ലോ’ എന്ന് ബേസിൽ ജോസഫ്; സഞ്ജുവിന്റെ വരവ് ആഘോഷിച്ച് സിഎസ്‌കെ
ഓപ്പണിങ് സ്ഥാനത്തേക്ക് രചിൻ രവീന്ദ്രയെയാവും കൊൽക്കത്ത പരിഗണിക്കുക. നരേൻ- രചിൻ രവീന്ദ്ര അല്ലെങ്കിൽ അങ്ക്ക്രിഷ് രഘുവൻശി – രചിൻ രവീന്ദ്ര എന്നീ സഖ്യത്തെ ഓപ്പണിംഗിൽ പരീക്ഷിക്കാം. ഫിനിഷിങിലേക്ക് ഡേവിഡ് മില്ലറെയും ഗ്ലെൻ മാക്സ്‌വെലിനെയും പരിഗണിക്കാം. രണ്ട് പേരും ഐപിഎലിൽ കളിച്ച് തെളിയിച്ചവരാണ്. മാക്സ്‌വെലിൻ്റെ പാർട് ടൈം സ്പിന്നും ടീമിന് ഗുണം ചെയ്യും. വെങ്കടേഷ് അയ്യരെ കുറഞ്ഞ വിലയ്ക്ക് ലഭിച്ചാൽ കൊൽക്കത്ത വീണ്ടും ടീമിൽ പരിഗണിച്ചേക്കാം. ഹർഷിത് റാണ, വൈഭവ് അറോറ എന്നിവർക്ക് ബാക്കപ്പായി ആകാശ് ദീപും ടീമിലെത്തിയേക്കാം. മതീഷ പതിരനയ്ക്കായും കൊൽക്കത്ത ശ്രമിക്കും.
ടീം വിട്ട മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം മലയാളി താരം വിഗ്നേഷ് പുത്തൂറിനെ കൊൽക്കത്ത പരിഗണിക്കാനിടയുണ്ട്. രവി ബിഷ്ണോയ്, മോഹിത് ശർമ്മ, ആകാശ് മധ്‌വൾ, രാഹുൽ ചഹാർ തുടങ്ങിയ ഓപ്ഷനുകളും കൊൽക്കത്തയുടെ പരിഗണനയിൽ വരും. ലേലത്തിലെത്തുന്ന കാമറൂൺ ഗ്രീനായി ഓക്ഷൻ വാർ നടക്കുമെന്നാണ് കരുതപ്പെടുന്നത്. 64 കോടി രൂപ ഉള്ളതുകൊണ്ട് തന്നെ ഗ്രീനെ സ്വന്തമാക്കാനും കൊൽക്കത്ത ശ്രമം നടത്തും.