IPL 2026 : തലയും അഭിഷേകും അടിച്ച് തൂക്കി; കെകെആറിനെ 65 റൺസിന് തകർത്ത് സൺറൈസേഴ്സ്
IPL 2026 Sunrisers Hyderabad vs Kolkata Knight Riders : സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 161 റൺസെടുക്കാനെ സാധിച്ചുള്ളൂ. 65 റൺസിനാണ് എസ്ആർഎച്ച് കെകെറിനെ തോൽപ്പിച്ചത്. സൺറൈസേഴ്സിൻ്റെ സീസണിലെ ആദ്യ ജയമാണിത്
കൊൽക്കത്ത : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് (Kolkata Knight Riders vs Sunrisers Hyderabad) ജയം. കെകെആറിനെ അവരുടെ തട്ടകത്തിൽ വെച്ച് 65 റൺസിനാണ് ഹൈദരാബാദ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് എട്ട് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുക്കുകയായിരുന്നു, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെകെആറിന് 161 റൺസെടുക്കാനെ സാധിച്ചുള്ളൂ. സൺറൈസേഴ്സിൻ്റെ ഓപ്പണിങ്ങ് താരങ്ങളുടെ പ്രകടനം ബോളർമാരുടെ മികവുമാണ് തകർപ്പൻ ജയം സമ്മാനിച്ചത്.
ഓപ്പണിങ്ങിൽ അതിവേഗം ബാറ്റ് വീശി ഓപ്പണിങ് താരങ്ങളായ ട്രാവിസ് ഹെഡ്ഡും അഭിഷേക ശർമയും മികച്ച തുടക്കമാണ് എസ്ആർഎച്ചിന് നൽകിയത്. അഞ്ച് ഹൈദരാബാദ് സ്കോർ ബോർഡ് ഓപ്പണർമാർ 80 കടത്തിയിരുന്നു. തുടർന്ന് ഹെയ്ൻറിച്ച് ക്ലാസനും നീതിഷ് കുമാർ റെഡ്ഡിയും ചേർന്നാണ് സൺറൈസേഴ്സിൻ്റെ സ്കോർ ബോർഡ് 200 കടത്തിയത്. കെകെആറിനായി സിംബാബ്വെ താരം ബ്ലെസിങ് മുസറാബാനി നാല് വിക്കറ്റുകൾ വീഴ്ത്തി. വൈഭവ് അറോറയും കാർത്തിക് ത്യാഗിയും അൻകുൾ റോയിയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
ALSO READ : Angkrish Raghuvanshi: ഔട്ടിന് പിന്നാലെ കട്ടക്കലിപ്പ്; ആങ്ക്രിഷ് രഘുവംശിക്ക് പിഴശിക്ഷ
മറുപടി ബാറ്റിങ്ങിന് ഇറങ്ങി കൊൽക്കത്ത അതിവേഗത്തിൽ സ്കോറിങ്ങിന് തുടക്കമിട്ടെങ്കിലും വിക്കറ്റ് വീഴ്ച വിനയായി. പിന്നീട് അങ്കൃഷ് രംഘുവംശി ടീമിനെ നയിച്ചെങ്കിലും റൺഔട്ടിൽ താരം പുറത്തായത് കെകെആറിന് തിരിച്ചടിയായി. ശേഷമെത്തിയ ബാറ്റർമാർ പറയത്തക്ക പ്രകടനം പുറത്തെടുത്തില്ല. ടീം 16-ാം ഓവറിൽ 161 റൺസിന് പുറത്താകുകയായിരുന്നു. എസ്ആർഎച്ചിനായി ജയ്ദേവ് ഉനദ്ഘട്ട് മൂന്നും ഇഷാൻ മലിംഗയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഹർഷ് ദുബെയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
സീസണിൽ സൺറൈസേഴ്സിൻ്റെ ആദ്യ ജയമാണിത്. കൊൽക്കത്തയുടെ തുടർ തോൽവിയും. ജയത്തോടെ സൺറൈസേഴ്സ് പോയിൻ്റ് പട്ടികയിൽ ആറമതെത്തി. കെകെആർ ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇനി അഞ്ചാം തീയതി ഞായറാഴ്ചയാണ് എസ്ആർഎച്ചിൻ്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തിൽ റിഷഭ് പന്തിൻ്റെ എൽഎസ്ജിയെയാണ് ഹൈദരാബാദ് നേരിടുക. കൊൽക്കത്തയ്ക്കാകട്ടെ ആറാം തീയതി തിങ്കളാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് മത്സരം. അതും സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻസിൽ വെച്ച് തന്നെയാണ്.