IPL 2026: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം; ആദ്യ ക്വാളിഫയറിന് മുമ്പ് ആര്‍സിബിക്ക് സന്തോഷവാര്‍ത്ത
Royal Challengers Bengaluru vs Gujarat Titans: ആദ്യ ക്വാളിയഫറിന് മുമ്പ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പങ്കുവയ്ക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ ഫിള്‍ സാള്‍ട്ട് ഫിറ്റ്‌നസ് വീണ്ടെടുത്തതായി പാട്ടീദാര്‍ പറഞ്ഞു. സാള്‍ട്ട് നാളെ കളിക്കുമോയെന്ന് വ്യക്തമല്ല.

ആര്‍സിബിയുടെ പരിശീലനം
IPL 2026 Qualifier 1: ഐപിഎല്‍ 2026-ലെ പ്ലേ ഓഫ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ആദ്യ ക്വാളിഫയറില്‍ ടേബിള്‍ ടോപേഴ്‌സായ ആര്‍സിബിയും, ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. വൈകിട്ട് 7.30-ന് ധരംശാലയിലാണ് മത്സരം. ഈ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളാണ് രജത് പാട്ടീദാര്‍ നയിക്കുന്ന ആര്‍സിബിയും, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തും. ഇരുടീമുകളും 14 മത്സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ വീതം ജയിച്ചു. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ആദ്യ ക്വാളിയഫറിന് മുമ്പ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പങ്കുവയ്ക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ ഫിള്‍ സാള്‍ട്ട് ഫിറ്റ്‌നസ് വീണ്ടെടുത്തതായി പാട്ടീദാര്‍ പറഞ്ഞു. എന്നാല്‍ സാള്‍ട്ട് നാളെ കളിക്കുമോയെന്ന് വ്യക്തമല്ല.
ഫിള്‍ സാള്‍ട്ട് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും എന്നാൽ നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി അദ്ദേഹം ഇപ്പോഴും നിരീക്ഷണത്തിലാണെന്നും രജത് പാട്ടീദാർ സ്ഥിരീകരിച്ചു. സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ ആർസിബിക്കായി സാള്‍ട്ട് കളിച്ചിരുന്നു. ലീഗ് ഘട്ടത്തിന്റെ അവസാന പകുതിയിലാണ് സാള്‍ട്ടിന് പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നത്.
പ്ലേയിങ് ഇലവന്‍
പ്ലേയിംഗ് ഇലവനെ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും മത്സരദിവസത്തെ പിച്ചിന്റെയും കാലാവസ്ഥയുടെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്നും ഒന്നാം ക്വാളിഫയറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആര്‍സിബി ക്യാപ്റ്റന്‍ പറഞ്ഞു.
“സാള്‍ട്ട് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. ഞങ്ങളുടെ പ്ലേയിംഗ് ഇലവൻ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. വിക്കറ്റ് എങ്ങനെയാണെന്ന് നോക്കിയ ശേഷം മാത്രമായിരിക്കും ഞങ്ങൾ അന്തിമ തീരുമാനമെടുക്കുക”-പാട്ടീദാറിന്റെ വാക്കുകള്‍.
സാള്‍ട്ട് തിരിച്ചെത്തിയാല്‍ അത് ആര്‍സിബിക്ക് കരുത്താകും. പവർപ്ലേ ഓവറുകളിൽ അഗ്രസ്സീവ് ആയി ബാറ്റ് ചെയ്യുന്ന സാള്‍ട്ടിന്റെ ശൈലി ആര്‍സിബിക്ക് മുതല്‍കൂട്ടാണ്. സാള്‍ട്ടിന് പകരം ഓപ്പണിങില്‍ പരീക്ഷിച്ച ജേക്കബ് ബെഥല്‍ ക്ലിക്കായില്ല. പരിക്കിന്റെ പിടിയിലായ ബെഥലിനെ കഴിഞ്ഞ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
“മത്സരം ജയിക്കുക, ഫൈനലിലേക്ക് പോവുക. ആദ്യ ദിവസം മുതൽ ഞങ്ങൾ സംസാരിക്കുന്നത് ഇതേക്കുറിച്ചാണ്. ടേബിളിൽ ഒന്നാമതെത്തുക എന്നത് ഞങ്ങൾ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്ത ഒന്നാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ ഞങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കും”-ആര്‍സിബി ക്യാപ്റ്റന്‍ പറഞ്ഞു.
മത്സരദിവസം സമ്മർദ്ദങ്ങളെ ആരാണോ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത്, ആ ടീമായിരിക്കും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം കൈവിട്ടുപോകാതെ സൂക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭുവനേശ്വർ കുമാറിലും ബാക്കി ബൗളിംഗ് നിരയിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ടൂർണമെന്റിലുടനീളം തങ്ങളെ സഹായിച്ച അതേ തന്ത്രങ്ങളുമായി തന്നെ അവർ മുന്നോട്ട് പോകുമെന്നും രജത് പാട്ടീദാര്‍ പറഞ്ഞു.
English Summary
Royal Challengers Bengaluru face Gujarat Titans in the IPL 2026 Qualifier 1 at Dharamshala. Opening batter Phil Salt is fit but remains under observation for the match. Captain Rajat Patidar stated the final playing XI will depend on pitch conditions. The winning team will secure a direct spot in the tournament final.