IPL 2026 Trade Deal: ഇഷാൻ കിഷൻ സൺറൈസേഴ്സ് വിടണം; മുംബൈയിലെത്തി ഓപ്പൺ ചെയ്യണമെന്ന് മുൻ താരം
Mohammad Kaif To Ishan Kishan: ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തണമെന്ന് മുഹമ്മദ് കൈഫ്. മുംബൈയിൽ ഓപ്പൺ ചെയ്യണമെന്നും താരം പറഞ്ഞു.
വരുന്ന സീസണിൽ ഇഷാൻ കിഷൻ സൺറൈസേഴ്സ് ഹൈദരാബാദ് വിടണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സൺറൈസേഴ്സിൽ കിഷന് ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ലെന്നും മുംബൈയിലെത്തിയാൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യാമെന്നും കൈഫ് പറഞ്ഞു. തൻ്റെ യൂട്യൂബ് വിഡിയോയിലൂടെയാണ് കൈഫിൻ്റെ ഉപദേശം.
“ഇഷാൻ കിഷൻ വാംഖഡെയിൽ ഒരു നല്ല ബാറ്ററാണ്. മുംബൈയ്ക്കായി കളിച്ചാൽ അവൻ ഓപ്പൺ ചെയ്യും. സൺറൈസേഴ്സിൽ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. അതിൽ വലിയ വ്യത്യാസമുണ്ട്. മൂന്നാം നമ്പറിൽ കളിച്ചാൽ അവനത് ഗുണം ചെയ്യില്ല. ഉയർന്ന തുകയ്ക്ക് ടീമിലെത്തിച്ചെങ്കിലും അവന് പറ്റിയ ബാറ്റിംഗ് സ്ലോട്ട് നൽകാൻ സൺറൈസേഴ്സിന് സാധിച്ചില്ല. ഒരു ഡീൽ നടക്കുമെങ്കിൽ തനിക്ക് മുംബൈയിലേക്ക് തിരികെപോകണമെന്ന് അവൻ ടീമിനോട് അഭ്യർത്ഥിക്കണം. കാരണം, അവിടെ അവന് ഓപ്പൺ ചെയ്യാം. കിഷനെ കിട്ടിയാൽ മുംബൈയ്ക്കും ഗുണകരമാണ്. ഓപ്പൺ ചെയുന്ന ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ കിട്ടിയാൽ ഒരു വിദേശതാരത്തെ കളിപ്പിക്കാനും അവസരം ലഭിക്കും.”- കൈഫ് പറഞ്ഞു.
2018 മുതൽ 2024 വരെ മുംബൈ ഇന്ത്യൻസിനായി കളിച്ച ഇഷാൻ കിഷൻ കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിലെത്തുകയായിരുന്നു. 11.25 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കിഷനെ ടീമിലെടുത്തത്. ഹൈദരാബാദിനായി മൂന്നാം നമ്പറിൽ കളിച്ച കിഷൻ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ചുറി നേടിയെങ്കിലും പിന്നീട് മികവ് തുടരാനായില്ല. ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഹിതം 14 മത്സരങ്ങളിൽ നിന്ന് 354 റൺസാണ് താരം നേടിയത്. കിഷനെ ഇത്തവണ ഹൈദരാബാദ് റിലീസ് ചെയ്യുമെന്ന് സൂചനയുണ്ട്. ലേലത്തിൽ വിട്ടിട്ട് കുറഞ്ഞ തുകയ്ക്ക് തിരികെവാങ്ങാനാണ് സൺറൈസേഴ്സിൻ്റെ ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു.