Rajasthan Royals: റോയല്‍സില്‍ പരാഗിന്റെ തട്ട് താണ് തന്നെ ഇരിക്കും; ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിയേക്കില്ല
Riyan Parag Expected to Lead Rajasthan Royals in IPL 2027: റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടര്‍ന്നേക്കും. ടീമിന്റെ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് മാനേജ്‌മെന്റ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. പുതിയ ഉടമസ്ഥര്‍ക്ക് കീഴിലാണ് ഇത്തവണ റോയല്‍സിന്റെ വരവ്. എങ്കിലും പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിയേക്കില്ലെന്നാണ് സൂചന.
ഐപിഎല്ലില്‍ അടുത്ത സീസണിലും റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി തുടര്‍ന്നേക്കും. ടീമിന്റെ നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന് മാനേജ്‌മെന്റ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. പുതിയ ഉടമസ്ഥര്‍ക്ക് കീഴിലാണ് ഇത്തവണ റോയല്‍സിന്റെ വരവ്. എങ്കിലും പരാഗിന്റെ ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതിനെ തുടര്‍ന്ന് 2026-ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് പരാഗിനെ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ ക്യാപ്റ്റനായുള്ള കന്നി സീസണില്‍ ടീമിനെ പ്രതീക്ഷിച്ച പോലെ നയിക്കാന്‍ പരാഗിന് സാധിച്ചില്ല. ചില വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്തു. വ്യക്തിഗത പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു.
എന്നാല്‍ അടുത്ത സീസണിലും പരാഗിന് പിന്തുണ നല്‍കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. ഐപിഎല്ലിലെ റിറ്റന്‍ഷന്‍ സമയപരിധി നാളെ അവസാനിക്കും. അതുകൊണ്ട് തന്നെ പരാഗ് ക്യാപ്റ്റനായി തുടരുമെന്നുള്ള റോയല്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകാനാണ് സാധ്യത.
നിര്‍ണായക യോഗം
ടീം മാനേജ്‌മെന്റുമായുള്ള യോഗത്തിനായി പരാഗ് നിലവില്‍ ലണ്ടനിലാണ്. സഹ ഉചമ മനോജ് ബദാലെ, മുഖ്യപരിശീലകന്‍ കുമാര്‍ സംഗക്കാര, ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
റിറ്റന്‍ഷന്‍ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തില്‍ പ്രതീക്ഷിക്കാം. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. സാം കറനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് ട്രേഡ് ചെയ്ത്, പകരം മുഹമ്മദ് ഷമിയെ സ്വന്തമാക്കാന്‍ റോയല്‍സ് ശ്രമിക്കുന്നുണ്ട്. കൂടാതെ, എം സിദ്ധാര്‍ത്ഥിനെയും ലഖ്‌നൗവില്‍ നിന്ന് റോയല്‍സിലേക്ക് ട്രേഡ് ചെയ്യുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ നാലാമതായിരുന്നു റോയല്‍സിന്റെ സ്ഥാനം. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. 2019 മുതല്‍ പരാഗ് റോയല്‍സിന്റെ ഭാഗമാണ്. എന്നാല്‍ 2026 സീസണില്‍ താരം ചില വിവാദങ്ങളില്‍ പെട്ടത് കല്ലുകടിയായി.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ വെച്ച് പരാഗ് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് മാച്ച് ഫീയുടെ 25 ശതമാനം പിഴയടക്കേണ്ടി വന്നു. ഒരു ഡിമെരിറ്റ് പോയിന്റും പരാഗിനെതിരെ ചുമത്തി.
English Summary
Riyan Parag is expected to remain the captain of Rajasthan Royals for IPL 2027. Despite a mixed 2026 season and a vaping controversy, the franchise backs him for continuity. Team officials are currently in London to finalize the squad ahead of the retention deadline. The team is also planning major player trades and preparing for a new ownership group.